തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. ഒഡീഷ – പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പുണ്ട്.
അതേസമയം, മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ഇത് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കുകയും ചെയ്യും. ഇത് നാളെയോ മറ്റെന്നാളോ അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. മദ്ധ്യപടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്.
Discussion about this post