ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഉത്തർപ്രദേശ് സ്വദേശിയായ 19 കാരന് നേരെ ഭീകരർ വെടിയുതിർത്തു. ബിജ്‌നോർ നിവാസിയായ ശുഭം കുമാറിന് നേരെയായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ശുഭം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബട്ടഗുണ്ട ഗ്രാമത്തിൽവച്ചായിരുന്നു യുവാവിന് നേരെ ആക്രണം ഉണ്ടായത്. വീടിന് പുറത്ത് സുഹൃത്തുകൾക്കൊപ്പം നിൽക്കുകയായിരുന്നു യുവാവിന് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം ഭീകരർ കടന്ന് കളഞ്ഞു. പ്രദേശവാസികൾ ചേർന്ന് ഉടനെ തന്നെ ശുഭം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൈപ്പത്തിയിലാണ് ശുഭം കുമാറിന് വെടിയേറ്റിരിക്കുന്നത്. ശസ്ത്രക്രിയ പൂർത്തിയായ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം ജമ്മു കശ്മീർ നിവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണം ആണ് ഇത്.
ഈ മാസം 20 ന് കശ്മീരില് വിവിധ ഭാഷാ തൊഴിലാളികൾക്കെതിരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിൽ ആറ് പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഇതിന് രണ്ട് ദിവസം മുൻപ് ഒക്ടോബർ 18 ന് ബിഹാർ സ്വദേശിയായ യുവാവും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post