ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇഷാൻ കിഷന്റെ തകർപ്പൻ തിരിച്ചുവരവ് സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിന് ഭീഷണിയാണെന്നും വരും മത്സരങ്ങളിൽ റൺസ് കണ്ടെത്തിയില്ലെങ്കിൽ സഞ്ജുവിന് സ്ഥാനം നഷ്ടമാകുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി.
റായ്പൂരിലെ രണ്ടാം ടി20-യിൽ വെറും 6 റൺസിനാണ് സഞ്ജു പുറത്തായത്. രണ്ട് മത്സരങ്ങളിൽ നിന്നായി വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. ചോപ്രയുടെ വാക്കുകൾ ഇങ്ങനെ:
“ഒരു അരങ്ങേറ്റത്തേക്കാൾ പ്രയാസകരമാണ് ടീമിലേക്കുള്ള തിരിച്ചുവരവ്. ഇഷാൻ കിഷൻ കാണിച്ച ആത്മവിശ്വാസം സഞ്ജുവിന് കാട്ടാനായില്ല. ഇഷാൻ തന്റെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ സമ്മർദ്ദം മുഴുവൻ സഞ്ജുവിനാണ്. പരമ്പരയിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സഞ്ജുവിന് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിശാഖപട്ടണത്തും സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്തും ഇഷാൻ കിഷൻ തന്നെയാകും വിക്കറ്റ് കീപ്പർ ഓപ്പണറായി ഇറങ്ങുക.” അദ്ദേഹം പറഞ്ഞു.
രണ്ട് വർഷത്തോളം ടീമിന് പുറത്തായിരുന്ന ഇഷാൻ കിഷന്റെ തിരിച്ചുവരവ് വിധിയുടെ നിയോഗമാണെന്ന് ചോപ്ര പറഞ്ഞു. വൈസ് ക്യാപ്റ്റനെ ഒഴിവാക്കിയതും, ടോപ്പ് ഓർഡർ ബാറ്റർക്ക് പരിക്കേറ്റതും ഇഷാന് ഗുണകരമായി. ഈ അവസരം ഇഷാൻ കൃത്യമായി വിനിയോഗിച്ചു.
പരിക്കേറ്റ തിലക് വർമ്മ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മോശം ഫോമിലുള്ള സഞ്ജുവിനെ ടീം മാറ്റാൻ സാധ്യതകൾ ഉണ്ട്. 209 റൺസ് ലക്ഷ്യം പിന്തുടർന്നപ്പോൾ സഞ്ജു അനാവശ്യ ഷോട്ടിന് മുതിർന്ന് പുറത്തായതാണ് വിമർശനങ്ങൾക്കിടയാക്കിയത്.











Discussion about this post