തിരുവനന്തപുരം: വിഴിഞ്ഞത്തെ അതിശയിപ്പിച്ച് വാട്ടർ സ്പൗട്ട് പ്രതിഭാസം. ഇന്നലെയാണ് വിഴിഞ്ഞം തീരത്തിന് സമീപം ഈ അപൂർവ്വ പ്രതിഭാസം ഉണ്ടായത്. കടലിന്റെ ഉപരിതലത്തിലുള്ള ജലകണികകളും നീരാവിയും കൂടിച്ചേർന്ന് ഖനീഭവിച്ചാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തീരത്ത് നിന്നും ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് വാട്ടർ സ്പൗട്ട് രൂപം കൊണ്ടത്. സംഭവ സമയം മത്സ്യത്തൊഴിലാളികൾ കടലിൽ ഉണ്ടായിരുന്നു. കടലിൽ നിന്നും ആകാശത്തേയ്ക്ക് നീണ്ട കുഴൽ പോലെയാണ് ഇതുണ്ടാകുക. ഈ കുഴലിന്റെ അറ്റത്തായി മേഘവും കാണാം.
ചുഴലിക്കാറ്റിന്റെ രൂപത്തിന് സമനമായ രൂപം കണ്ട മത്സ്യത്തൊഴിലാളികൾ ആദ്യം അൽപ്പം ആശങ്കയിലായി. ചുഴലിക്കാറ്റ് ആണെന്നായിരുന്നു ആദ്യം ഇവർ കരുതിയിരുന്നത്. എന്നാൽ പിന്നീട് വാട്ടർ സ്പൗട്ട് ആണെന്ന് വ്യക്തമാകുകയായിരുന്നു. 25 മിനിറ്റോളം നേരമാണ് പ്രതിഭാസം നീണ്ടു നിന്നത്. ശേഷം വെള്ളത്തിന് മുകളിലൂടെ ആവി പോലെ സഞ്ചരിച്ചതായാണ് ദൃക്‌സാക്ഷികൾ പയുന്നത്. ആനക്കാൽ എന്നാണ് മത്സ്യത്തൊഴിലാളികൾ ഈ പ്രതിഭാസത്തെ വിളിക്കാറുള്ളത്.
വാട്ടർ സ്പൗട്ട് രൂപപ്പെട്ടതിന് പിന്നാലെ അതിശക്തമായ മഴയും വിഴിഞ്ഞത്ത് ഉണ്ടായി. വിഴിഞ്ഞം കടലിൽ ആദ്യമായിട്ടാണ് വാട്ടർ സ്പൗട്ട് രൂപപ്പെടുന്നത് എന്നാണ് വിവരം. ഇത് കണ്ടതിന്റെ അത്ഭുതത്തിലാണ് മത്സ്യത്തൊഴിലാളികൾ.
Discussion about this post