തൃശ്ശൂർ: മലപ്പുറത്ത് നിന്നും സ്വർണവും പണവും പിടിച്ചെടുക്കുന്നതിനെ ജില്ലയ്ക്ക് എതിരായ നീക്കമായി കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് തടയുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 147 കിലോ സ്വർണമാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്. ഇതിൽ 124 കിലോയും മലപ്പുറത്ത് നിന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇത് കേട്ട് ആരും ജില്ലയ്‌ക്കെതിരായ നീക്കമാണെന്ന് കരുതേണ്ടതില്ല. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളം ഉള്ളത്. ജില്ലയ്ക്ക് പുറത്തുള്ള നിരവധി യാത്രികർ ഇവിടെ എത്തുന്നുണ്ട്. ഇവരിൽ നിന്നും സ്വർണം പിടികൂടുന്നുണ്ട്.
ജില്ലയിൽ നിന്നും പിടികൂടുന്നത് കൊണ്ടാണ് ആ ജില്ലയുടെ കണക്കിൽ ഇത് ഉൾപ്പെടുത്തുന്നത്. അതിന് എന്തിനാണ് ഇത്ര പൊള്ളുന്നത്?. സ്വർണക്കടത്ത് തടയുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
മലപ്പുറം ജില്ലയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യം ഉണ്ടായാൽ മറ്റേതൊരു ജില്ലയിലുമുണ്ടാകുന്ന കുറ്റകൃത്യം പോലെയാണ്. എല്ലാതെ സമുദായവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട. അങ്ങിനെ ഒരു സമുദായത്തിന്റെ പെടലിയ്ക്ക് വയ്ക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കാറില്ല. സമൂഹത്തിൽ വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കുകയാണ് സംഘപരിവാർ ആർഎസ്എസ് ശക്തികളുടെ ആഗ്രഹം. ഇവരാണ് ഇത്തരത്തിൽ പ്രചാരണം നടക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post