ചെന്നൈ: അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ സൂര്യ. പിതാവ് നടൻ ആയിരുന്നുവെങ്കിലും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു കുടുംബം. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് താൻ അഭിനയം ആരംഭിച്ചത് എന്നും നടൻ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
പഠനത്തിന് ശേഷം ഞാൻ ഒരു ഗാർമെന്റ് കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട. 750 രൂപയായിരുന്നു അന്നത്തെ ശമ്പളം. ഞാൻ ശിവകുമാറിന്റെ മകനാണ് എന്ന് ആർക്കും അറിയില്ലായിരുന്നു. ട്രെയിനിംഗ് കഴിഞ്ഞപ്പോൾ 1200 രൂപയായിരുന്നു മാസം ശമ്പളമായി ലഭിച്ചത്. മൂന്ന് വർഷത്തോളം അവിടെ ജോലി ചെയ്തു. 8000 രൂപ ആയിരുന്നു അപ്പോൾ ശമ്പളമായി ലഭിച്ചത്.
ഒരു ദിവസം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് അമ്മ എന്നോട് ഒരു കാര്യം പറഞ്ഞത്. കടമായി അമ്മ വാങ്ങിയ 25,000 രൂപ തിരിച്ച് കൊടുക്കണം. എന്തിനാണ് കടം വാങ്ങിയത് എന്ന് ഞാൻ ചോദിച്ചു. നടനായ അച്ഛന്റെ പക്കൽ കോടികളുടെ സമ്പാദ്യം ഉണ്ട് എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ അത് അങ്ങിനയല്ലെന്ന് അമ്മ പറഞ്ഞപ്പോഴാണ് മനസിലായത്.
അച്ഛൻ ശമ്പളം ചോദിച്ച് വാങ്ങിയിരുന്നില്ല. നിർമ്മാതാക്കൾ പണം നൽകുന്നതുവരെ കാത്തിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും പണം കൃത്യമായി ലഭിച്ചിരുന്നില്ല. ബാങ്ക് ബാലൻസ് ഒരിക്കൽ പോലും ഒരു ലക്ഷം രൂപ കടന്നിട്ടില്ല. കടം വീട്ടാൻ അമ്മ ബുദ്ധിമുട്ടുന്നത് എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു.
സ്വന്തമായി ഫാക്ടറി തുടങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇതിനായി അച്ഛൻ പണം നൽകുമെന്നും ഞാൻ വിചാരിച്ചു. സിനിമയിൽ അതിന് മുൻപുതന്നെ അവസരങ്ങൾ എന്നെ തേടിവന്നിരുന്നു. എന്നാൽ ഞാൻ എല്ലാം നിഷേധിക്കുകയായിരുന്നു. പക്ഷെ വീട്ടിലെ സാമ്പത്തിക ബാദ്ധ്യത കണ്ടപ്പോൾ ഞാൻ സിനിമ തിരഞ്ഞെടുത്തു. അങ്ങനെയാണ് ഞാൻ സൂര്യ ആയത് എന്നും സൂര്യ പറഞ്ഞു.””
Discussion about this post