സൂറിച്ച്: ആഗോളതാപനം ഉൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുന്ന ഭൂമിയെ തണുപ്പിക്കാനുള്ള വഴികൾ തേടി ശാസ്ത്രലോകം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ രൂക്ഷമാകുമ്പോൾ ഭൂമിയെ തണുപ്പിക്കാൻ വജ്രധൂളികൾ വിതറിയാൽ മതിയെന്ന് പുതിയ പഠനം പറയുന്നു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ദശലക്ഷക്കണക്കിന് വജ്രപ്പൊടി വിതറി ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷത്തെ തണുപ്പിക്കാൻ കഴിയും എന്ന് വ്യക്തമാക്കുന്നത്.
ഭൗമശാസ്ത്രജ്ഞർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. വിവിധ ഭാഗത്തിലുള്ള എയറോസോളുകൾ നമ്മുടെ അന്തരീക്ഷത്തിൽ വിതറിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് 3ഡി ക്ലൈമറ്റ് മോഡലിലൂടെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്. അന്തരീക്ഷത്തിൽ വിതറിയ എയറോസോളുകൾ പ്രകാശം, ചൂട്, എന്നിവയോട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇത് അന്തരീക്ഷത്തിൽ തുടരുന്നതിനെ കുറിച്ചും തിരികെ ഭൂമിയിലേക്ക് എങ്ങനെയാണ് പതിക്കുന്നത് എന്നതിനെ കുറിച്ചും ആണ് ഗവേഷകർ പഠനം നടത്തിയത്.
ഏഴ് തരത്തിലുള്ള എയറോസോളുകളാണ് ഇതിനായി പരീക്ഷിച്ചത്. കാൽസൈറ്റ്, ഡയമണ്ട്, അലുമിനിയം, കാർബൈഡ, അനാടേസ്, റട്ടിൽ, സൾഫർ ഡയോക്‌സൈഡ് എന്നിവയുടെ ധൂഴികളാണ് അന്തരീക്ഷത്തിലേക്ക് കലർത്തിയത്. ഇതിൽ ഭൂമിയെ തണുപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത് വജ്രം ആണെന്ന് കണ്ടെത്തുകയായിരുന്നു. വായുവിൽ ഏറെ നേരം തങ്ങി നിൽക്കുന്നത് കൊണ്ട് ചൂടിനെ പ്രതിരോധിക്കാൻ വജ്രധൂളികൾക്ക് കഴിവുണ്ടെന്നാണ് കണ്ടെത്തൽ.
5 മില്യൺ ടൺ സിന്തറ്റിക് വജ്രധൂളികൾ അന്തരീക്ഷത്തിലേക്ക് വിതറിയാൽ 45 വർഷത്തിനുള്ളിൽ ഭൂമിയുടെ താപനില 1.6 ഡിഗ്രി സെൽഷ്യസ് വരെ കുറക്കാനാവുമെന്നാണ് പഠനം പറയുന്നത്. എന്നാൽ, ഇതിന്റെ ചിലവാണ് ഗവേഷകരെയും ശാസ്ത്രലോകത്തെയും പ്രതിസന്ധിയിലാക്കുന്നത്. ഏകദേശം, 200 ട്രില്യൺ ഡോളർ ഇതിന് ചിലവ് വരുമെന്നാണ് വിദഗ്ധർ പറയുന്നത്. അന്താരാഷ്ട്ര രീതിയിലുള്ള സഹകരണമാണ് ഇതിന് ആകെയുള്ള പ്രതിവിധിയെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post