ന്യൂഡൽഹി: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്രക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ കേസിനെ കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്ന് ബിജെപി കുറ്റപ്പെടുത്തി. ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം അട്ടിമറിച്ചു. പ്രിയങ്ക വാദ്രയുടെ നാമനിർദേശ പത്രിക റദ്ദാക്കണമെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
റോബർട്ട് വാദ്രയുടേതായി 66 കോടി രൂപയാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. എന്നാൽ, യഥാർത്ഥ കണക്ക് ഇതിലും എത്രയോ ഏറെയാണ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ റോബർട്ട് വാദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസിയുടെ മുമ്പിലുള്ള കണക്ക് ഇതല്ലെന്നും ബിജെപി വ്യക്തമാക്കി.
പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതിലൂടെ അവർ അഴിമതി കാണിച്ചു നേരത്തെയും ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടിയിരുന്നു. 12 കോടി രൂപയുടെ ആസ്തിയാണ് പ്രിയങ്ക പ്രഖ്യാപിച്ചത്. അതെ സമയം ഭർത്താവ് റോബർട്ട് വദ്രയുടെ സ്വത്ത് 66 കോടിയാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ കണക്ക് പ്രകാരം പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവിന്റെ സ്വത്ത് ഏറ്റവും ചുരുങ്ങിയത് 75 കോടിയാണെന്നും ഭാട്ട്യ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിലാണ് ആദായനികുതി വകുപ്പ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയിൽ നിന്ന് 2010 നും 2021 നും ഇടയിൽ സമർപ്പിച്ച ഐടി റിട്ടേണുകളുടെ മൂല്യനിർണ്ണയ ഉത്തരവുകൾ പാസാക്കിയത്. ഇത് പ്രകാരം 80 കോടി രൂപയുടെ നികുതി റോബർട്ട് വാർദ്ര അടക്കാനുണ്ട്. സർക്കാർ കണക്കുകൾ തന്നെ ഇപ്രകാരം ആയിരിക്കെ സ്വത്ത് 64 കോടിയാണെന്ന് സത്യവാങ്മൂലം നല്കുന്നത് ആദായനികുതി വകുപ്പിനെ പറ്റിക്കുന്നതിനു തുല്യമാണ്.
ഒരു ദശാബ്ദത്തിലേറെയായി വാദ്ര തന്റെ യഥാർത്ഥ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് ഐടി വകുപ്പ് മനസിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആവശ്യപ്പെട്ട തുകയിൽ വെളിപ്പെടുത്താത്ത വരുമാനത്തിന്റെ നികുതിയും പിഴയും പലിശയും ഉൾപ്പെടുന്നു. പ്രഥമദൃഷ്ട്യാ തന്നെ, അനധികൃതമായി സമ്പാദിച്ചതെന്ന് മനസിലാകുന്ന ഈ തുക ഇവർ എങ്ങനെയാണ് ഒരു ഉണ്ടാക്കിയതെന്ന് അറിയാൻ ഈ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുവെന്നും ഭാട്യ പറഞ്ഞു.












