ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരും രണ്ട് അർദ്ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൾ ഹർബ് എന്ന ഭീകരസംഘടന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള മറ്റൊരു ചെക്ക്പോസ്റ്റിൽ ഭീകരസംഘടനയായ പാക് താലിബാൻ ഈ ആഴ്ച നടത്തിയ ആക്രമണത്തിൽ 10 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
2021ൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം പാകിസ്താനിൽ തീവ്രവാദം വർദ്ധിച്ചു, ശത്രുതാപരമായ ഗ്രൂപ്പുകൾ ഇപ്പോൾ അയൽരാജ്യത്തെ അഭയത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് പാകിസ്താൻ ആരോപിക്കുന്നു. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം 2014 ന് ശേഷമുള്ള ഏറ്റവും കൂടുതൽ ചാവേർ ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം രാജ്യം കണ്ടത്. 29 ചാവേർ ആക്രമണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു.കഴിഞ്ഞ വർഷത്തിൽ 329 പേർ കൊല്ലപ്പെട്ടു.
Discussion about this post