ഞാൻ ഒരു വിജയ് ഫാൻ അല്ല. വിജയ്‌യുടെ മാത്രമല്ല ഒരു താരങ്ങളേയും അന്ധമായി ആരാധിക്കുന്ന വ്യക്തിയല്ല. പലപ്പോഴും അവരുടെ പ്രകടനങ്ങളിലെ മികവിനോട് ഇഷ്ടം തോന്നാറുണ്ട്.. അതിനെ അപ്രീഷിയേറ്റ് ചെയ്യാറുമുണ്ട്. അത്ര മാത്രം. അങ്ങനെ നോക്കിയാലും ഒരു അഭിനേതാവ് എന്ന നിലയിൽ ആരാധന തോന്നുന്ന ഒരു കഥാപാത്രവും ഇതുവരെ വിജയ് സ്‌ക്രീനിൽ സാക്ഷാൽക്കരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നലെ വില്ലുപുരത്ത് നടന്ന വിജയുടെ രാഷ്ട്രീയ കക്ഷിയുടെ മാനാടും, ശക്തിപ്രകടനവുമൊക്കെ കാണുന്നതും വിലയിരുത്തുന്നതും, തികച്ചും സ്വതന്ത്രമായിട്ടാണ്. ഒരു വിധത്തിലുമുള്ള മുൻവിധികളും അതിന്റെ പിറകിലില്ല.
ജനാധിപത്യ രാഷ്ട്രീയത്തിൽ ‘ഇൻവിൻസിബിൾ’ ആയി ആരുമില്ല എന്നുറച്ചു വിശ്വസിക്കുന്ന ഒരു പൗരനാണ് ഞാൻ. ജനാഭിലാഷത്തിന് മുമ്പിൽ ആരും ഇന്നേവരെ ഇവിടെ തലകുനിക്കാതെ പോയിട്ടില്ല.. അത് ജനങ്ങൾ രാഷ്ട്രീയക്കാരെ ആവർത്തിച്ചു ബോധ്യപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ ഡിഎംക്കെയ്ക്ക് തൽക്കാലം ഉണ്ടെന്ന് തോന്നുന്ന അപ്രമാദിത്വവും, അജയ്യതയും ഒക്കെ ക്ഷണികമാണ് എന്ന അഭിപ്രായം എനിക്കുണ്ട്. നല്ലൊരു കാറ്റ് വീശിയാൽ തകർന്ന് പോവാത്ത ഒന്നല്ല അവിടെ ചീട്ടുകൊട്ടാരം പോലെ കെട്ടി ഉയർത്തിയിരിക്കുന്നത്. സ്റ്റാലിൻ, ഉദയനിധിയിലേക്ക് അധികാരം കൈമാറ്റം ചെയ്ത ഈ വേളയിൽ ഡിഎംകെ ഏറ്റവും ദുർബലമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കണം. അപ്പൊ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് വിജയങ്ങൾ എന്ന ചോദ്യം ഉന്നയിക്കുന്നവരോട്, അതിനുള്ള കാരണം പ്രതിപക്ഷത്ത് വെല്ലുവിളിക്കാൻ ത്രാണിയുള്ളവർ ഇതുവരെ ഇല്ലായിരുന്നു എന്ന ഉത്തരമാണ് പറയാനുള്ളത്. ഗ്രൗണ്ട് ലെവലിൽ സ്റ്റാലിൻ സർക്കാരിനോട് അമർഷമുള്ളവർ, മറ്റൊരു ആൾട്ടർനേറ്റിവ് ഇല്ലെന്നകാരണം കൊണ്ട് മാത്രമാണ് ഇപ്പോൾ അവരുടെ കൂടെ നിൽക്കുന്നത്.
അപ്പോൾ ബിജെപി? ദ്രാവിഡ രാഷ്ട്രീയം ഉഴുതു മറിച്ച തമിഴക മണ്ണിൽ ബിജെപി നേരിടുന്നത് ജനവികാരങ്ങളെയാണ്. വര്ഷങ്ങളായി നിരന്തരമായി ബിജെപി എന്ന ‘ഉത്തരേന്ത്യൻ-ബ്രാഹ്‌മണാധീശ’ കച്ചിയുടെ നേരെ സമർത്ഥമായി ചാനലൈസ് ചെയ്യപ്പെട്ട ജനവികാരത്തെയാണ്. മുൻകാലങ്ങളിൽ എഡിഎംകെയുമായി അടുത്ത് നിന്ന് ചുവടുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആ വേലിക്കെട്ടുകൾക്ക് അപ്പുറം കടക്കാൻ മാത്രം ശക്തി തങ്ങൾക്കുണ്ടോ എന്നുള്ള സംശയം ഉള്ളിൽ നിന്നും തന്നെ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ ശക്തിയെക്കുറിച്ച് വ്യക്തമായത് ഒരു ധാരണ ബിജെപിക്ക് വേണമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി തന്നെ ബിജെപി ഉപയോഗിച്ചു. ഫലം വന്നപ്പോൾ സീറ്റുകൾ ഒന്നും തന്നെ ലഭിച്ചില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിച്ചു നേടിയ 11.4% ബിജെപിയുടെ വളർച്ചയുടെ കൃത്യമായ പ്രതിഫലനം തന്നെ ആയിരുന്നു. ഇനി വേണ്ടത് ഈ അടിത്തറയിൽ നിന്നും കെട്ടിപ്പടുക്കുക എന്നതാണ്. അതായിരിക്കും പഠനവും കഴിഞ്ഞു അണ്ണാമലൈ തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന് സമർപ്പിക്കുന്ന ദൗത്യം.
രണ്ടാമത്തെ ദ്രാവിഡകക്ഷി എഡിഎംകെ, ഫ്രാക്ഷനുകളായി ചിതറിക്കിടക്കുന്ന ഈ സമയം അവർ വൾനറബിൾ ആണെങ്കിലും, അവരെ ഒരിക്കലും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നാണ് ഞാൻ കരുതുന്നത്. ഈ അവസ്ഥയിലും മൊബിലൈസ് ചെയ്യാൻ കഴിയുന്ന അടിവേരുകൾ ഉറച്ച ഒരു പ്രസ്ഥാനം തന്നെയാണവർ. അതിനെ ചേർത്തുപിടിക്കാൻ ശക്തരായ ഒരു നേതൃത്വം ഇല്ലെങ്കിലും അവർ പ്രതിനിധാനം ചെയ്തിരുന്ന ആശയം ശക്തമായി തന്നെ നില നിൽക്കുന്നുണ്ട്. അത്തരത്തിലൊരു മൊബിലൈസേഷൻ തള്ളിക്കളയാൻ കഴിയാത്തതാണ്. അതേസമയം വാർത്തകൾക്കും പ്രചാരണങ്ങൾക്കുമപ്പുറം സ്റ്റാലിന്റെ പാർട്ടിയെ നേരിടുന്ന ആന്റി ഇൻകമ്പൻസി ഫാക്റ്റർ ജനങ്ങൾക്കിടയിലുണ്ട്. സീനിയറായ പലരെയും വെട്ടി സ്വന്തം മകനെത്തന്നെ സ്ഥാനാരോഹണം ചെയ്തതിനെ എതിർക്കുന്നവർ കുടുംബത്തിനുള്ളിലും പുറത്തും പ്രബലമായി തന്നെയുണ്ട്. അവസരം കിട്ടുമ്പോൾ അവർ അടിച്ചിരിക്കും. ഈ ഒരു പശ്ചാത്തലത്തിൽ നിന്ന് വേണം വിജയുടെ പ്രസക്തി അളക്കാൻ.
വിജയ് ഇതുവരെ നടത്തിയിട്ടുള്ള ഓരോ നീക്കങ്ങളും വളരെയേറെ കണക്കുകൂട്ടലുകളോടെ ഉള്ളതാണ്. ഓരോ വാക്കും അളന്നു കുറിച്ച് കൊണ്ട് തന്നെ ഉള്ളതാണ്. താനൊരു പാർട്ടിയുമായി വന്നാൽ പിറ്റേ ദിവസം തമിഴ് മക്കൾ കസേരയിട്ടു സ്വീകരിക്കുമെന്ന മിഥ്യാബോധം ഒന്നും വിജയ്ക്ക് ഉള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ കരുതലോടെയാണ് വിജയ് സംസാരിച്ചിട്ടുള്ളത്. വിജയ്ക്ക് വോട്ട് സമാഹരിക്കാനുള്ളത് ഡിഎംകെ ബേസിൽ നിന്നാണെന്ന് വിജയ്ക്കറിയാം. അതിന് കരുണാനിധി കുടുംബത്തെ തന്നെ ആക്രമിക്കണം. അത് വിജയ് ചെയ്തിരിക്കും. ഒറ്റയ്ക്ക് നിന്നാൽ ഒരിടത്തും എത്താൻ സാധിക്കില്ല എന്നറിയാവുന്ന വിജയ് നോട്ടമിടുന്നത് ആദ്യമായി എഡിഎംകെയെ ആയിരിക്കും. മുന്നണി വിപുലപ്പെടുത്തുവാൻ അടുത്ത നോട്ടമിടുന്നത് കോൺഗ്രസ്സിനെ ആയിരിക്കും. എന്നാൽ കോൺഗ്രസ്സ് അടുത്ത തിരഞ്ഞെടുപ്പുകളിൽ ഹരിയാന പ്രകടനം ആവർത്തിച്ചാൽ, അണ്ണൻ കോൺഗ്രസ്സിനെ തഴഞ്ഞു ബിജെപിയുമായി കൈകോർക്കും. അതിനുള്ള സ്‌പേസ് കൊടുത്തുകൊണ്ട് തന്നെയാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് പലരും പ്രതീക്ഷിച്ച പോലെ ബിജെപിയെ കടന്നാക്രമിക്കാതെ വിടുന്നത്.
ഒടുവിലായി പറയാനുള്ളത്, പ്രജാരാജ്യത്തിന്റെയും, മക്കൾ നീതി മെയ്യത്തിന്റെയും ഒക്കെ അവസ്ഥയെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ചോദ്യങ്ങളോടാണ്. ചിരഞ്ജീവിയും കമലാഹാസനുമൊക്കെ ഗോദയിലിറങ്ങിയതിനേക്കാൾ മുന്നൊരുക്കത്തോടെയാണ് വിജയ് എത്തിയിരിക്കുന്നത്. അവർക്കാർക്കും ഇല്ലാത്ത സംഘടനാ ശേഷി വിജയ് കഴിഞ്ഞ 8 വർഷമായി സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി തന്റെ അണികളെ മത്സരിപ്പിച്ച് ജയിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ജയിക്കുന്നത് മണ്ണിലാണ്. ചാനൽ മുറികളിലോ സൈബറിടങ്ങളിലോ അല്ല.. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാത്ത ഒരു നേതാവും ശാശ്വത വിജയം നേടിയിട്ടില്ല. അതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അവിടെയാണ് കേഡർ സ്വഭാവത്തോടെ സംഘടിക്കപ്പെട്ട വിജയ് ഫാൻസ് അസോസിയേഷനുകളുടെ പ്രസക്തി. ഗ്രാമങ്ങൾ മുതൽ പട്ടണങ്ങൾ വരെ വേരോടിയിട്ടുള്ള ഈ കേഡറുകൾ ആണ് വിറ്റിക്കേയുടെ ഭാഗധേയം നിർണ്ണയിക്കുക.
ഇങ്ങനെയൊക്കെ പറയുമ്പോഴും 2026 ൽ വിജയ് മുഖ്യമന്ത്രി കസേരയിൽ കേറി ഇരിക്കുമെന്ന ഒരു മിഥ്യാബോധവും എനിക്കില്ല. പക്ഷെ മറ്റു മുൻഗാമികളെപ്പോലെ അല്ല വിജയ്, 2026 അല്ലെങ്കിൽ 2030 ൽ അധികാരത്തിലേക്ക് എത്താനുള്ള ഗെയിം പ്ലാനുകൾ വിജയുടെ പക്കലുണ്ട്. അതിനൊരു സംശയവും വേണ്ട. ഉദയനിധിയും അവന്റെ സനാതനത്തോടുള്ള വിരോധവും ഷെഡിൽ കേറും എന്നത് ഉറപ്പിച്ചോളൂ. ഇനി ജോസഫ് വിജയ് അധികാരത്തിൽ എത്തിയത് കൊണ്ട് വലിയ ട്രാൻസ്ഫോർമേഷൻ ഒക്കെ നടക്കുമെന്ന ഒരു ബോധ്യവും എനിക്കില്ലെന്ന് കൂടി പറയാം. എന്തായാലും മറ്റൊരു ജഗൻമോഹൻ ആവാതെ പോകണം എന്നൊരൊറ്റ പ്രതീക്ഷ മാത്രമേ ഉള്ളൂ. മക്കൾ യാർ പക്കമെന്നത് കാത്തിരുന്ന് കാണാം.
Discussion about this post