എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ നിയമാനുസൃതമായി മുന്നോട്ട് പോവാൻ നിർദേശിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത് പറയരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെയോ മൊഴി നൽകിയവരുടെയോ പ്രതികളുടെയോ വിശദാംശങ്ങൾ പുറത്ത് പറയരുതെന്നാണ് നിർദേശം. ഹർജികൾ പരിഗണിക്കുന്നത് നവംബർ 7ലേക്ക് മറ്റി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് 26 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതിൽ എട്ട് കേസുകളിൽ പ്രതിപ്പട്ടികയുണ്ട്. 18 കേസുകളിൽ പ്രതികൾ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. പത്ത് കേസുകളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയവരിൽ ചിലർ അന്വേഷണവുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ, പോലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താമെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് 26 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post