ഒരു തവണയെങ്കിലും പ്രണയിക്കാത്തവരായും തേപ്പ് കിട്ടാത്തവരായും പ്രേമം പൊട്ടാത്തവരായും ആരുമുണ്ടാകില്ല. പ്രണയത്തകർച്ച എല്ലാവരിലും കൊണ്ടുവരുന്ന അനിവാര്യമായ ചില മാറ്റങ്ങളുണ്ട്. പ്രണയത്തകർച്ചയിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും സാധാരണയായി കണ്ട് വരുന്ന ചില ക്ലീഷേ മാറ്റങ്ങളുണ്ട്. നിരാശ കാമുകിയേപ്പോലെ, അല്ലെങ്കിൽ നിരാശാ കാമുകന്മാരെ പോലെ നടക്കല്ലേ എന്ന് പലരും ഉപദേശിക്കാറുള്ളത് സ്ഥിരമായി കണ്ടുവരുന്ന ഈ മാറ്റങ്ങൾ കാരണമാണ്.
ഒരു പ്രേമം പൊട്ടിയാലോ തേപ്പ് കിട്ടിയാലോ പൊതുവെ ആൺകുട്ടികളിൽ കണ്ടുവരുന്ന രീതിയാണ് താടിയും മുടിയും വളർത്തുക. ജീവിതശൈലിയിൽ മാറ്റം വരുക എന്നുള്ളതൊക്കെ. ദേവദാസിനെ പോലെയെന്ന് പലരും ഇത്തരക്കാരെ കളിയാക്കാറുണ്ട്. എന്നാൽ, തിരിച്ച് പെൺകുട്ടികളുടെ കാര്യമെടുത്താൽ, ഒരു ബ്രേക്ക് അപ്പ് കഴിയുമ്പോൾ മുടി വെട്ടുക എന്നൊന്ന് ഒരു പതിവ് രീതിയായി മാറിത്തുടങ്ങിയിട്ടുണ്ട്. പ്രേമം തകരുമ്പോൾ, മുടിയുടെ നീളം കുറക്കുന്നതും ലുക്കിൽ മാറ്റം വരുത്തുന്നതും ഇപ്പോൾ സെലിബ്രിറ്റികളുടെ ഇടയിൽ പോലും കാണാറുണ്ട്.
എന്നാൽ, ഇതൊരു ഷോ ഓഫോ.. ഒരു നിസാരമായ ഒരു കാര്യമോ അല്ലഎന്നതാണ് വാസ്തവം. തന്റെ വ്യക്തിത്വത്തിന്റെയും സ്വഭാവ ഗുണത്തിന്റെയും സ്വത്വത്തിന്റെയുമെല്ലാം ഭാഗമായാണ് ഓരോ സ്ത്രീയും തന്റെ മുടിയെ കണക്കാക്കുന്നത്. ഒരു സ്ത്രീക്ക് തന്റെ ശരീരത്തിൽ വച്ച് ഏറ്റവും കൂടുതൽ ആത്മബന്ധമുള്ളതും തലമുടിയോട് തന്നെയാണ്. പ്രണയം പൊട്ടിക്കഴിഞ്ഞാൽ, പെൺകുട്ടികൾ മുടി വെട്ടുന്നതിനെ ഡിവോഴ്‌സ് ഹെയർ, ബ്രേക്ക് അപ്പ് ഹെയർ എന്നൊക്കെയാണ് വിളിക്കുന്നത്.
പലപ്പോഴും പ്രണയത്തകർച്ച നൽകുന്ന ആഘാതങ്ങളിൽ നിന്നും മാനസീകാവസ്ഥകളിൽ നിന്നുമുള്ള ഒരു മുക്തിയാണ് പെൺകുട്ടികൾ മുടി വെട്ടലിൽ നിന്നും നേടുന്നത്. ബ്രേക്ക് അപ്പോ തേപ്പോ കിട്ടിക്കഴിയുമ്പോഴുണ്ടാകുന്ന ഒരു ശൂന്യതയിൽ നിന്നുകൊണ്ട് ഇനി എന്ത് ചെയ്യുമെന്ന് മസിലാവാതെ നിൽക്കുന്ന സമയത്താണ് പലരിലും മുടി വെട്ടുക എന്ന ഒരു ആശയം ഉദിക്കുന്നത്.
താൻ നേരിടുന്ന അവസ്ഥയോ നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളോ നിയന്ത്രിക്കാനോ അതിൽമാറ്റങ്ങൾ വരുത്താനോ സാധിക്കില്ലെന്ന് മനസിലാവുമ്പോൾ തനിക്ക് നിയന്ത്രിക്കാൻ കഴിയുന്നത് തന്നെ മാത്രമാണെന്ന ചിന്തയിലേക്ക് ഒരു പെൺകുട്ടി എത്തുന്നു. അങ്ങനെ സ്വയം തിരിച്ചു പിടിക്കുന്ന ഒരു പ്രതികരണ രീതിയാണ് മുടിവെട്ടൽ. ഒരു ബ്രേക്ക് അപ്പ് വന്നാലും തന്നെയും തന്റെ ജീവിതത്തെയും തിരിച്ച് പിടിക്കാൻ കഴിയുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ മുടിവെട്ടൽ.
കഴിഞ്ഞ കാലത്തെയും ജീവിതത്തെയും ഉപേക്ഷിച്ച് മുന്നോട്ട് പോവുന്നു എന്നതിന്റെ ആദ്യ പടിയാണ് ഈ മുടി വെട്ടൽ. നിങ്ങളെ പുതിയൊരു ലുക്കിലേക്ക് മാറ്റുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. മുടി വെട്ടുകയും മുടിക്കു നിറം നൽകുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. ഒരു പക്ഷേ, നിങ്ങളുടെ പങ്കാളിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ നീളമുള്ള മുടിയായിരുന്നിരിക്കാം. മുടിയെ പ്രകീർത്തിക്കുകയും മുടി വെട്ടരുത് എന്നും പറയുന്ന കാമുകൻ പോവുന്നതോാട് കൂടി, അയാളുടെ ആ ഇഷ്ടത്തിന് ഇനി തന്റെ ജീവിതത്തിൽ സ്ഥാനമില്ലെന്ന് നമ്മൾ ഉറപ്പിക്കുന്നു. അങ്ങനെ ആ വ്യക്തി പോയതു പോലെ തന്നെ അയാളുടെ ഓർമകളെയും അയാൾ ഇഷ്ടപ്പെട്ടിരുനന മുടിയെയും കൂടി ഉപേക്ഷിക്കുന്നു. അയാളോടുള്ള ഒരു പ്രതിഷേധം കൂടിയാണ് ഈ മുടി വെട്ടൽ.
പഴയ ഓർമകളെ ഉപേഷിക്കുക കൂടിയാണ് മുടി വെട്ടുന്നതിലൂടെ ഉണ്ടകുന്നത്. എന്തോ ഒരു ഭാരം ഒഴിഞ്ഞ് പുതിയ വ്യക്തിയായി എന്ന തോന്നൽ മുടി വെട്ടി പുതിയ ലുക്കിൽ സലൂണിൽ നിന്നും ഇറങ്ങുമ്പോൾ നമുക്ക് തോന്നുന്നു. നിങ്ങൾ സ്വതന്ത്രയായി എന്ന തോന്നൽ കൂടിയാണ് ഈ മുടി വെട്ടലിലൂടെ കിട്ടുന്നത്.
ഇടതൂർന്ന് നീളമുള്ള മുടിയാണ് സ്ത്രീകളുടെ സൗന്ദര്യം എന്നതാണ് പരമ്പരഗാതമായ ചിന്താഗതി. മിക്കവാറും ഇത് തന്നെയാണ് മാതാപിതാക്കളും തങ്ങളുടെ മുടി മുറിക്കാൻ അനുവദിക്കാത്തതിന്റെ പ്രധാന കാരണവും. അതുകൊണ്ട് തന്നെ ഈ ചിന്താഗതികളോടുള്ള പ്രതിഷേധം കൂടിയാണണ് ഈ മുടി മുറിക്കൽ.
Discussion about this post