ജനസംഖ്യ കുതിച്ചുയരുന്ന രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ജനസംഖ്യാ വർദ്ധനവിന് തടയിടാനായി ഒരു കുട്ടി നയമായിരുന്നു ചൈനയിൽ പിന്തുടർന്ന് പോന്നിരുന്നത്. എന്നാൽ, പതിറ്റാണ്ടുകളായി പിന്തുടരുന്ന ഈ നയം മൂലം രാജ്യത്ത് പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്.
പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ, ചൈനയിൽ പുരുഷന്മാർക്ക് വിവാഹം ചെയ്യാൻ പെൺകുട്ടികളെ കിട്ടാനില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മൂന്നര കോടി പുരുഷന്മാരാണ് രാജ്യത്ത് അവിവാഹിതരായി തുടരുന്നതെന്നാണ് റിപ്പോർട്ട്. ഈ പ്രശ്‌നത്തിന് പരിഹാരം തേടുകയാണിപ്പോൾ ചൈന.
അന്താരാഷ്ട്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഇതിനായി വേണ്ടതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. 2020ലെ ദേശീയ ജനസംഖ്യ കണക്കുകൾ പ്രകാരം, സ്ത്രീകളേക്കാൾ, മൂന്ന് കോടി നാൽപ്പത്തിയൊൻപത് ലക്ഷം പുരുഷന്മാരാണ് കൂടുതൽ. ഗ്രമങ്ങളിലാണ് ഏറ്റവും കുറവ് പെൺകുട്ടിളെന്നും സെൻസസ് വ്യക്തമാക്കുന്നു. ഗ്രാമങ്ങളിൽ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലാതെ വന്നതോടെ, ഇവിടെ പരമ്പരാഗത മാർഗങ്ങളിലൂടെയുള്ള വിവാഹങ്ങൾക്കും കുറവ് സംഭവിച്ചു.
സിയാമെൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡിംഗ് ചാങ്ഫയാണ് അന്താരാഷ്ട്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത്. രാജ്യത്തെ പുരുഷന്മാർ നേരിടുന്ന ഈ പ്രശ്‌നം പരിഹരിക്കാനായി റഷ്യ, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ സ്ത്രീകളെ ആകർഷിക്കണമെന്നായിരുന്നു അദേദ്ദഹത്തിന്റെ നിർദേശം.
എന്നാൽ, അന്താരാഷ്ട്ര വിവാഹം എന്ന ആശയം വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. നിരവധി സ്ത്രീകളാണ് ഇതിനെതിരെ രംഗത്ത് വന്നത്. വിവാഹം കഴിക്കാനായി പെൺകുട്ടികളെ ഇറക്കുമതി ചെയ്യുന്നതിന് തുല്യമാണ് ഇതെന്നും മനുഷ്യക്കടത്ത് വലിയ കുറ്റമാണെന്ന് പലരും വ്യക്തമാക്കുന്നു.
Discussion about this post