പണമിടപാടുകൾക്ക് യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ദിനംപ്രതി ഉണ്ടാവുന്നത്. പണത്തിന്റെ കൈമാറ്റം ഇത്ര എളുപ്പമാക്കിയൊരു നടപടി സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നതാണ് സത്യം. യുപിഐയുടെ ഏറ്റവും തടസ്സരഹിതമായ ഇടപാടുകളാണ് ഡിജിറ്റൽ ഇക്കോണമി എന്ന ആശയം തന്നെ ശക്തിപ്പെടുത്തിയത്. എന്നാൽ ഇതിനൊപ്പം തന്നെ സുരക്ഷാ പ്രശ്നങ്ങളും യുപിഐയ്ക്ക് മുന്നിലുണ്ട്. എന്നിരുന്നാൽകൂടിയും യുപിഐ ഇന്ന് പേയ്‌മെന്റ് സംവിധാനത്തിൽ ഏറ്റവം അവിഭാജ്യഘടകമാണെന്ന് പറയാതെ വയ്യ.
പക്ഷേ ഇടയ്ക്ക് ഈ യുപിഐ നമുക്ക് പണി തരാറുണ്ട്. സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കാൻ ശ്രമിക്കുമ്പോൾ പ്രൊസസിങ് എന്നോ ഫെയിൽ എന്നോ കാണിച്ച് പണമിടപാട് തടസ്സപ്പെടാം. ഇങ്ങനെ സംഭവിച്ചാൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് പണമടയ്ക്കുകയ എന്നത് മാത്രമേ പോംവഴിയുള്ളൂ.
തെറ്റായ യുപിഐ ഐഡി, ബാങ്ക് സെർവറുകളിലെ പ്രശ്‌നങ്ങൾ, ഇന്റർനെറ്റില്ലെങ്കിൽ എല്ലാം യുപിഐ ട്രാൻസ്ഫർ പരാജയപ്പെടും. മാത്രമല്ല ചില ബാങ്കുകൾ യുപിഐ ഇടപാടുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണം.
പിൻ നമ്പർ ഓർമ്മയില്ലെങ്കിൽ റിസെറ്റ് ചെയ്ത് പുനസജ്ജീകരിക്കുക, 3 തവണയിൽക്കൂടുതൽ പിൻ നമ്പർ തെറ്റായി നൽകിയാൽ 24 മണിക്കൂർ നേരത്തേക്ക് സേവനം പ്രവർത്തനരഹിതമാകുമെന്ന് ഓർമിക്കുക.
ഏറ്റവും സാധാരണ കാരണം സെർവർ പ്രശ്‌നങ്ങളാണ്. സാധാരണഗതിയിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.
ബാങ്ക് സെർവർ പ്രശ്‌നങ്ങളും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായാണ് യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ന്മഇടപാടുകൾക്ക് പിൻ വേണ്ട എന്നതാണ് പ്രത്യേകത. യുപിഐ ലൈറ്റ് വോലറ്റിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്കായി ഉപയോഗിക്കാനാകുക. നിശ്ചിത തുക വോലറ്റിൽ സൂക്ഷിക്കാം. നിലവിൽ വാലറ്റിലെ പണംതീരുമ്പോൾ ഉപഭോക്താവ് വീണ്ടും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതിലേക്ക് ചേർക്കുകയാണ് വേണ്ടത്.
ഫീച്ചർ ഫോണിനായി യുപിഐ123:ഫീച്ചർ ഫോണുകളുള്ളവർക്ക് UPI ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു സേവനമാണിത്; ഇന്റർനെറ്റ് ഇല്ലാതെ പണമിടപാട് നടത്താൻ ഇത് ഒരാളെ അനുവദിക്കുന്നു. *99# എന്ന യുഎസ്എസ്ഡി കോഡാണ് ഉപയോഗിക്കുന്നത്. ഐവിആർ, മിസ്ഡ് കോൾ സംവിധാനങ്ങളാണ് പേമെന്റ് സാധ്യമാക്കുന്നത്.
Discussion about this post