ആലപ്പുഴ: സന്തോഷ് പണ്ഡിറ്റിനൊപ്പം ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ ബാബുരാജ് വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്‌റഫ്. സംഭവ ശേഷം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് താനുമായി ഈ അനുഭവം പങ്കുവച്ചത് എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽവച്ചാണ് സന്തോഷ് പണ്ഡിറ്റുമായി സൗഹൃദത്തിലാകുന്നത്. അന്ന് ഒരു നിർമ്മാതാവിനൊപ്പം അവിടെ താമസിക്കുകയായിരുന്നു. രാത്രി അവിടേയ്ക്ക് അദ്ദേഹം വരുന്നതായി സുഹൃത്ത് എന്നോട് പറഞ്ഞു. എന്തിനാണെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സന്തോഷിന് എന്തോ വലിയ സങ്കടം ഉണ്ടെന്നും ചാനലിൽ എന്തോ പ്രശ്‌നം ഉണ്ടായി എന്നെല്ലാം എന്നോട് സുഹൃത്ത് പറഞ്ഞു.
ഹോട്ടലിൽ എത്തിയ സന്തോഷ് പണ്ഡിറ്റിനെ ഞാൻ പരിചയപ്പെട്ടു. അയാൾ വലിയ സങ്കടത്തിൽ ആയിരുന്നു. ഞാൻ കാര്യം തിരക്കി. പ്രമുഖ ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം പാലക്കാട് നിന്ന് തിരുവനന്തപുരത്ത് എത്തിയത്. സന്തോഷ് പണ്ഡിറ്റിനൊപ്പം ബാബുരാജും ആ പരിപാടിയിൽ പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാൽ സന്തോഷ് പണ്ഡിറ്റ് ഉണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ബാബുരാജ് നിർബന്ധം പിടിച്ചു. അനുനയ ശ്രമങ്ങൾ എല്ലാം വിഫലമായതോടെ സന്തോഷ് പണ്ഡിറ്റിനെ ചാനലുകാർ അയ്യായിരം രൂപ നൽകി തിരിച്ച് അയക്കുകയായിരുന്നു.
അന്ന് രാത്രി തങ്ങൾ മൂന്ന് പേരും ഒരുമിച്ചാണ് ഉറങ്ങിയത്. പിറ്റേന്ന് അദ്ദേഹത്തെ ബസ് കയറ്റിവിട്ടതും ഞാനാണ്. പണ്ട് അദ്ദേഹത്തെ കുറ്റം പറയുകയും അപമാനിക്കുകയും ചെയ്ത പലരും ഇന്ന് അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നത് ഞാൻ കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post