ന്യൂഡൽഹി: ബ്രിട്ടണിൽ സൂക്ഷിച്ചിരുന്ന സ്വർണ ശേഖരത്തിന്റെ ഒരുഭാഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് റിസർവ്വ് ബാങ്ക്. ഇന്ത്യയുടെ ആസ്തി വിദേശത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിസർവ്വ് ബാങ്കിന്റെ നിർണായക നീക്കം. 102 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടണിൽ നിന്നും സ്വർണം എത്തിച്ചത്. അതീവ രഹസ്യമായിട്ടായിരുന്നു സ്വർണം രാജ്യത്ത് എത്തിച്ചത്. ശേഷം വിവിധ സംഭരണ കേന്ദ്രങ്ങളിലേക്ക് ഈ സ്വർണം മാറ്റി. ഇതും അതീവ രഹസ്യമായിട്ടായിരുന്നു. നിലവിൽ 854.73 മെട്രിക് ടൺ സ്വർണമാണ് റിസർവ്വ് ബാങ്കിന്റെ പക്കൽ ഉള്ളത്. ഇതിൽ 413.79 മെട്രിക് ടൺ സ്വർണമാണ് റിസർവ്വ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിട്ടുള്ളത്.
മുംബൈ, നാഗ്പൂർ എന്നീ കേന്ദ്രങ്ങളിലാണ് സ്വർണം ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും സമാന രീതിയിൽ ബ്രിട്ടണിൽ നിന്നും സ്വർണം എത്തിച്ചിരുന്നു. റഷ്യ- യുക്രൈയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2022 മാർച്ച് മുതലായിരുന്നു വിദേശത്ത് സൂക്ഷിച്ചിട്ടുള്ള സ്വർണ ശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ റിസർവ്വ് ബാങ്ക് ആരംഭിച്ചത്. റഷ്യൻ വിദേശ കറൻസി ആസ്തികൾ മരവിപ്പിക്കാൻ അമേരിക്കൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്വർണം റിസർവ്വ് ബാങ്ക് ഇന്ത്യയിൽ എത്തിക്കാൻ തീരുമാനിച്ചത്.
Discussion about this post