പാലക്കാട്: ജില്ലയിലെ ഒരു ഗ്രാമം ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് പി.ടി ഉഷ എംപി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു പി.ടി ഉഷ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. കൃഷ്ണകുമാർ പാലക്കാട് നഗരസഭയുടെ ഭരണത്തിൽ കഴിവുതെളിയിച്ച വ്യക്തിയാണെന്നും പി.ടി ഉഷ പറഞ്ഞു. രാവിലെയോടെയായിരുന്നു പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ പി.ടി ഉഷ എത്തിയത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട നാടാണ് പാലക്കാട്. അതിന് കാരണം ഉണ്ട്. പഠനവും റെയിൽവേയിലെ ജോലിയുടെ തുടക്കവും സ്ഥാനക്കയറ്റവും എല്ലാം ഇവിടെ നിന്നായിരുന്നു. ഒളിംപിക്‌സിൽ പങ്കെടുത്തതും പാലക്കാട് നിന്നാണ്. പാലക്കാടിനെയും ഇവിടുത്തെ ജനങ്ങളെയും നന്നായി അറിയാം. നിറയെ ബന്ധങ്ങളും ഉണ്ട്. ഈ ഉപതിരഞ്ഞെടുപ്പിൽ കഴിവുള്ളവരെ വേണം തിരഞ്ഞെടുക്കാൻ. നഗരസഭയിലെ ഭരണത്തിലൂടെ കഴിവുള്ളയാളാണ് താനെന്ന് കൃഷ്ണകുമാർ തെളിയിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട് ഒരു ഗ്രാമം ദത്തെടുത്ത് പദ്ധതികൾ നടപ്പിലാക്കി വരികയാണ്. പാലക്കാട് ഒരു ഗ്രാമവും സമാന രീതിയിൽ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പി.ടി ഉഷ കൂട്ടിച്ചേർത്തു.
ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു പി.ടി ഉഷയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നഗരസഭാ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലെ കുടുംബ യോഗങ്ങളിലും പി.ടി ഉഷ പങ്കെടുത്തു.
Discussion about this post