ഒരു കാലത്ത് മലയാളികളുടെ ഇഷ്ട പ്രണയ ജോഡികളായിരുന്നു ശോഭനയും റഹ്‌മാനും. നൃത്തത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന ശോഭനയും കൊലുന്നനെ മെലിഞ്ഞ് സ്‌റൈലിസ്റ്റ് ആയ റഹ്‌മാനും അന്നത്തെ ചെറുപ്പക്കാർക്കിടയിൽ ഒരു ഹരംതന്നെയായിരുന്നു. കണാമറയത്ത്, ചിലമ്പ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഈ തണലിൽ ഇത്തിരിനേരം, തമ്മിൽ തമ്മിൽ എന്നിങ്ങനെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ റഹ്‌മാനും ശോഭനയും ഒരുമിച്ച് അഭിനയിച്ച ‘തമ്മിൽ തമ്മിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സെറ്റിൽ സംഭവിച്ച ഒരു അപകടത്തെ പറ്റി ചിത്രത്തിന്റെ സംവിധായകൻ സാജൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
‘എസ്എൻ സ്വാമിയുടെ തിരക്കഥയിൽ പിറന്ന തമ്മിൽ തമ്മിൽ എന്ന ചിത്രത്തിൽ മമ്മൂട്ടി, റഹ്‌മാൻ, ശോഭന എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കുവാനാണ് തീരുമാനിച്ചിരുന്നത്. തിരക്കഥാകൃത്ത് തന്നെയാണ്് ശോഭനയെ കാസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചത്. ആ സമയത്ത് ശോഭനയ്ക്ക് നൃത്തമായിരുന്നു ഇഷ്ടം. അഭിനയത്തിനോട് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. ശോഭനയും റഹ്‌മാനും സിനിമയിലെത്തിയാൽ സൂപ്പർഹിറ്റാവുമെന്ന് ജേ്യാതിഷിയും പറഞ്ഞു. അങ്ങനെയാണ് പ്രൊഡക്ഷൻ കൺട്രോളർ വഴി ശോഭനയെ ബന്ധപ്പെട്ടതും സിനിമയിൽ കാസ്റ്റ് ചെയ്തതും’- സാജൻ പറഞ്ഞു.
‘സിനിമയിലെ ‘ഹൃദയം ഒരു വീണയായ്’ എന്ന് തുടങ്ങുന്ന പാട്ട് ഭയങ്കര ഹിറ്റ് ആയിരുന്നു. മറ്റ് പാട്ടുകളും ഹിറ്റായിരുന്നു. എന്റെ സുഹൃത്തായ കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രൻ ആയിരുന്നു പാട്ടുകളുടെ സംവിധാനം നിർവഹിച്ചത്. കോവളത്തായിരുന്നു ഹൃദയം ഒരു വീണയായ് എന്ന പാട്ട് ചിത്രീകരിച്ചത് കോവളത്ത് നിന്നായിരുന്നു. പാട്ട് രംഗം ചിത്രീകരിക്കാൻ ഞാനും ശോഭനയും റഹ്‌മാനും ക്യാമറാമാൻ ആനന്ദക്കുട്ടനും ക്രൂവുമെല്ലാം കോവളത്ത് എത്തി. പാറക്കൂട്ടത്തിൽ നിന്നും തിരമാലയുടെ ബാക്ക്ഗ്രൗണ്ടിൽ രംഗം ചിത്രീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഏറെ നേരം കാത്തിരുന്നിട്ടും തിരമാല വന്നില്ല. ഇതോടെ, കുറേ നേരം നിന്നുകഴിഞ്ഞപ്പോൾ ഞങ്ങൾ കുറച്ചുകൂടി ഇറങ്ങി നിൽക്കട്ടെ എന്ന് റഹ്‌മാൻ ചോദിച്ചു. ഞാനത് സമ്മതിക്കുകയും ചെയ്തു. അവർ ഇറങ്ങി നിന്നതും ശക്തമായി ഒരു തിരമാല അടിച്ചു. പിന്നെ നോക്കിയപ്പോൾ ശോഭനയെയും റഹ്‌മാനെയും കാണാനില്ല. ഞങ്ങളാകെ പരിഭ്രാന്തരായി പോയി. ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് ഞങ്ങളാകെ പേടിച്ചുപോയി.
റഹ്‌മാന്റെ ഷൂ പാറക്കൂട്ടത്തിനിടയിൽ ഉടക്കി ക്കിടക്കുകയായിരുന്നു. അതിൽ പിടിച്ച് ശോഭനയും കിടക്കുന്നു. തിരമാല അടിച്ചതോടെ ഇരുവരും ബാലൻസ് തെറ്റി വീഴുകയായിരുന്നു. ക്രൂ എല്ലാവരും കൂടി വന്നാണ് അവരെ രക്ഷിച്ചത്. അവിടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെല്ലാം ഞങ്ങളെ ശകാരിച്ചു. ആരോട് പറഞ്ഞിട്ടാണ് ഇവിടെ വന്ന് ഷൂട്ട് ചെയ്തതെന്നൊക്കെ അവർ ചോദിച്ചു. ഒരുപാട് പേർ തിരയിലകപ്പെട്ട് മരിച്ച സ്ഥലമായിരുന്നു അത്. പാറയുടെ അടിയിലുള്ള ഗർത്തത്തിലേക്ക് വീണാൽ ബോഡി പോലും കിട്ടില്ലെന്നാണ് അവറ പറഞ്ഞത്. ഇപ്പോഴും അന്നത്തെ സംഭവത്തെ കുറിച്ച് ഓർക്കുമ്പോൾ ദേഹം നടുങ്ങും’ സാജൻ കൂട്ടിച്ചേർത്തു.
Discussion about this post