ശ്രീനഗർ:ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. പാകിസ്താനി ഭീകരനെ സുരക്ഷാ സേന വളഞ്ഞു. ശ്രീനഗർ ജില്ലയിലെ ഖന്യാറിലാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. റൈനാവാരി പ്രദേശത്ത് ഭീകരർ എത്തിയതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇതിനിടെ ഭീകരരുടെ ആക്രമണം ഉണ്ടായി. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു.
ഒരു ഭീകരൻ മാത്രമാണ് സ്ഥലത്തുള്ളത് എന്നാണ് സുരക്ഷാ സേനയുടെ നിഗമനം. ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. രാത്രി ബുദ്ഗാം ജില്ലയിൽ രണ്ട് വിവിധ ഭാഷാ തൊഴിലാളികളെ ഭീകരർ വെടിവച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. ആൾത്താമസമുള്ള വീടിനുള്ളിൽ ഭീകരൻ ഒളിച്ചിരിക്കുകയാണ്. ഇയാളുടെ സ്ഥാനം കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുൾപ്പെടെ നിരീക്ഷണവും നടത്തുന്നുണ്ട്. പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
Discussion about this post