മുംബൈ; കിടിലൻ ഡാൻസ് നമ്പറുകളിലൂടെ ബിടൗണിനെ ത്രസിപ്പിക്കുന്ന താരമാണ് നോറ ഫത്തേഹി. ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും നോറ തന്റെ ചുവട് കൊണ്ട് മാജിക് തീർത്തിട്ടുണ്ട്. താരത്തിന്റെ ഏറെ വൈറലായ ഡാൻസ് നമ്പറുകളിലൊന്നായിരുന്നു സത്യമേ ജയതേ എന്ന ചിത്രത്തിലെ ദിൽബർ എന്ന ഗാനം. ഇതിനെ കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ദിൽബറിനും അതേസമയത്ത് തന്നെ ഇറങ്ങിയ സ്ത്രീ സിനിമയിലെ കമരിയ എന്ന പാട്ടിനും താൻ പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് പറയുകയാണ് നോറ. രണ്ട് ആഴ്ചകളുടെ വ്യത്യാസത്തിലാണ് കമരിയാനും ദിൽബറും ചെയ്തത്. ഈ രണ്ട് പാട്ടുകൾക്കുമായി പ്രതിഫലം വാങ്ങിയിരുന്നില്ല. സൗജന്യമായാണ് ചെയ്തുകൊടുത്തത്. ആ സമയം എനിക്ക് സ്വയം തെളിയിക്കാനുള്ളതായിരുന്നു, പണം ഉണ്ടാക്കാനുള്ളതായിരുന്നില്ല. ഇൻഡസ്ട്രിയിൽ വിശ്വാസ്യതയുള്ളവരുമായി ജോലി ചെയ്യണമായിരുന്നു. പണമുണ്ടാക്കുന്നതിനെക്കാൾ ഈ രണ്ട് കാര്യങ്ങളാണ് പ്രധാനം എന്ന് എനിക്ക് തോന്നി. സത്യത്തിൽ എനിക്ക് പണം ആവശ്യമായ സമയമായിരുന്നു അത്. എന്നാൽ പണത്തിനെക്കാൾ പ്രധാന്യം സ്വയം തെളിയിക്കലാണെന്ന് തോന്നി.
ദിൽബർ ഗാനം ചിത്രീകരിക്കുമ്പോൾ ധരിക്കേണ്ടിയിരുന്ന വസ്ത്രം അവർ തന്നു, ബ്ലൗസ് വളരെ ചെറുതായിരുന്നു. എനിക്ക് ആ വസ്ത്രം ധരിച്ച് ഡാൻസ് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞു. എന്നെ അമിത ലൈംഗികവൽക്കരിക്കരുത്. എനിക്ക് മനസ്സിലായി, ഇതൊരു സെക്സി ഗാനമാണ്, പക്ഷേ ഞങ്ങൾ അശ്ലീലത കാണിക്കേണ്ടതില്ല. ഞാൻ അവരോട് പറഞ്ഞു.’അടുത്ത ദിവസം പുതിയ വസ്ത്രം നൽകിയ ശേഷമാണ് നൃത്തം ചെയ്തതെന്നും, ആ വസ്ത്രത്തിനെയും പലരും വിമർശിക്കുന്നുണ്ടെങ്കിലും തനിക്ക് നേരത്തെ നൽകിയ വസ്ത്രത്തെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ ഭേദമാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള പാട്ടിലെത്തുന്ന പെൺകുട്ടികൾക്ക് അവരുടെ ശരീരം പ്രദർശിപ്പിക്കാനാണ് താത്പര്യം. പാട്ട് ഹിറ്റാവുകയും ചെയ്യും. സത്യത്തിൽ ഡാൻസ് കളിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാൽ എനിക്ക് മികച്ച കെ്ാറിയോഗ്രഫി വേണമായിരുന്നു. ഒപ്പം കളിച്ച ഡാൻസേഴ്‌സിനെ ഒരാഴ്ച ട്രെയിൻ ചെയ്യിപ്പിച്ചുവെന്നും നോറ വ്യക്തമാക്കി.
Discussion about this post