കൊല്ലം: അന്താരാഷ്ട്ര സുനാമി അവബോധ ദിനമായ നാളെ മോക്ഡ്രില്ല് സംഘടിപ്പിക്കാൻ ആലപ്പാട് ഗ്രാമപഞ്ചായത്ത്. രാവിലെ 10.30 നാണ് മോക്ഡ്രില്ല് സംഘടിപ്പിക്കുക. സുനാമി റെഡി പദ്ധതിയുടെ ഭാഗമായിട്ടാണ് മോക്ഡ്രില്ല് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ തീരദേശ ഗ്രാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലപ്പാട്. അതിനാലാണ് മോക്ഡ്രില്ലിനായി ഈ പഞ്ചായത്ത് തിരഞ്ഞെടുത്തത്. സുനാമി വേളയിൽ രക്ഷപ്പെടാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുന്നത് ഉൾപ്പെടെയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ സുനാമി ദുരന്ത ലഘൂകരണ പദ്ധതികൾ, അവബോധ ക്ലാസുകൾ എന്നിവ മോക്ഡ്രില്ലിനോടൊപ്പം ഉണ്ടാകും. യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഗവൺമെന്റിൽ ഓഷ്യാനോഗ്രാഫിക് കമ്മീഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസസ്, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി എന്നിവ ചേർന്നാണ് സുനാമി റെഡി പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ കളക്ടർ എൻ. ദേവിദാസ് ആണ് മോക്ഡ്രില്ല് നടക്കുന്നതായുള്ള വിവരം അറിയിച്ചത്. മോക്ഡ്രില്ല് വേളയിൽ ആരും പരിഭ്രാന്തരാകരുത് എന്ന് അദ്ദേഹം പറഞ്ഞു. മോക്ഡ്രില്ലിന്റെ പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്തിൽ ഗതാഗത ക്രമീകരണം ഉൾപ്പെടെ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും.
Discussion about this post