കൗടില്യൻ..പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ് മൗര്യസാമ്രാജ്യത്തിന് ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്. ക്രിസ്തുവിന് മൂന്നു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു. അർത്ഥശാസ്ത്രം എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.
അസംഖ്യം ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ചന്ദ്രഗുപ്തമൗര്യനെ ചാണക്യന്റെ രാഷ്ട്രീയ തന്ത്രങ്ങൾ പലപ്പോഴും രക്ഷിച്ചു. രാക്ഷസൻ എന്ന ശത്രു ചന്ദ്രഗുപ്തമൗര്യനെ കൊല്ലുവാൻ സുന്ദരിയായ വിഷകന്യകയെ അയച്ച കഥ പ്രശസ്തമാണ്. കുട്ടിക്കാലം മുതൽക്കേ അല്പാല്പം വിഷം കുടിച്ചു വളർന്ന വിഷകന്യകമാർ സർപ്പവിഷം ഏൽക്കാത്തവരും ഒരു ചുംബനം കൊണ്ട് കാമുകരെ കൊല്ലുവാൻ പര്യാപ്തരുമായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധി ഗുപ്തരാജാവിനെ വിഷകന്യകയുടെ മാസ്മരവലയത്തിൽ നിന്നു രക്ഷിച്ചു എന്നു കഥ.വിജയത്തിനായി സ്വീകരിക്കേണ്ട വഴികളെ കുറിച്ച് നിരവധി കാര്യങ്ങൾ ചാണക്യൻ പറഞ്ഞിട്ടുണ്ട്. ജീവിതം ഒന്നുമായില്ല പരാജയമാണെന്ന് തോന്നുന്നവർ ചാണക്യൻ പറയുന്ന ചിലകാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാവും. തൊഴിലിടത്ത് വിജയിക്കാനുള്ള തന്ത്രങ്ങളാണ് ചാണക്യൻ പറയുന്നത്.
സത്യസന്ധത എപ്പോഴും പ്രായോഗികമല്ലെന്നാണ് ചാണക്യൻ പറയുന്നത്. വ്യക്തിഗുണങ്ങളിൽ സത്യസന്ധത പ്രധാനപ്പെട്ടതാണെങ്കിലും തൊഴിലിടത്ത് അത്ര നല്ലതല്ല അത്രേ. അമിത സത്യസന്ധത തൊഴിലിടത്ത് പുലർത്തുന്നവർ പലപ്പോഴും നിഷ്‌കളങ്കരും വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയുള്ളവരുമാണ്. സ്വയം വില കുറച്ച് കാണാതിരിക്കുക എന്നതാണ് മറ്റൊരു കാര്യം. സ്വന്തം വില മറന്ന് തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്നത് നല്ലതല്ല,വിട്ടുവീഴ്ച ചെയ്യുന്നത് അധികമായാൽ വ്യക്തിയ്ക്ക് നഷ്ടങ്ങളെ ഉണ്ടാകൂ. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. കഠിനാധ്വാനമെന്ന ഒറ്റവഴിമാത്രമേ ഉള്ളൂ. ഒരു ലക്ഷ്യം മുന്നിൽവച്ച് ഇറങ്ങിത്തിരിച്ചാൽ അത് ലഭിക്കുന്നത് വരെ ആത്മവിശ്വാസത്തോടെ പൊരുതുക. എല്ലാവരോടും ദയ ഉള്ളവരായിരിക്കുക. സഹജീവിസ്‌നേഹം എപ്പോഴും കൈമുതലാക്കുക.
വിധിയെ തടുക്കാൻ ആർക്കുമാകില്ല എന്നത് ശരിയാണെങ്കിലും കാലത്തിന് മായ്ക്കാനാകാത്ത മുറിവുകളില്ല. വിധി പോലും സമയത്തിന് മുമ്പിൽ തോറ്റുപോകും. സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കുക. ആർക്കും നമ്മളിലെ കഴിവുകൾ തട്ടിയെടുക്കാൻ കഴിയില്ല. വിവേകത്തോടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.
Discussion about this post