തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന തരത്തിൽ പലതരം സന്ദേശങ്ങളും ഫോൺ വിളികളും നമുക്കെല്ലാം വരാറുണ്ട്. എന്നാൽ, അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണം മാത്രമല്ല, മാനവും പോവുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
വർക്ക് ഫ്രം ഹോം തട്ടിപ്പുകൾ കേരളത്തിൽ വർദ്ധിച്ചതോടെയാണ് കേരളാ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന മെസേജുകളെ വിശ്വസിച്ച് മൊബൈൽ ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്നവരിൽ അധികവുമെന്ന് പോലീസ് പറയുന്നു.
സുഹൃത്തുക്കളിൽ നിന്നോ അജ്ഞാതരരുടെ നമ്പറുകളിൽ നിന്നോ ആവാം ഇത്തരം സന്ദേശങ്ങൾ എത്തുക. സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ അവരുടെ വെബ്‌സൈറ്റിൽ കയറുമ്പോൾ ആദ്യം യൂസർ അക്കൗണ്ട് തുടങ്ങാനായിരിക്കും ആദ്യം ആവശ്യപ്പെടുക. ഇതിന് പിന്നാലെ ചില ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാനും ഇവർ ആവശ്യപ്പെടും. ഇങ്ങനെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഒരു നിശ്ചിത തുക നിങ്ങൾക്ക് അക്കൗണ്ടിൽ ലഭിക്കും.
അതുകൊണ്ട് തന്നെ, ഇതിൽ നമുക്ക് കൂടുതൽ വിശ്വാസം തോന്നും. കൂടുതൽ പണം ലഭിക്കണമെങ്കിൽ ഒരു തുക ഡെപ്പോസിറ്റ് ചെയ്തുകൊണ്ട് കൂടുതൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഓരോ ഘട്ടം കഴുയുമ്പോഴും വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടിൽ തുക വർദ്ധിക്കുന്നതായി കാണാം. വെബ്‌സൈറ്റിന്റെ ലിങ്ക് കൂടുതൽ ആളുകളിലേക്ക് എത്തിച്ചാൽ, കൂടുതൽ വരുമാനം ലഭിക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യും.
ഒരു ഘട്ടം കഴിയുമ്പോൾ അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലാകുക. നിങ്ങൾ ഇത് മനസിലാകുമ്പോഴേക്കും നിങ്ങൾ ലിങ്ക് അയച്ച കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടാകും. ഇത്തരത്തിൽ ഫോണിൽ ലഭിക്കുന്ന സന്ദേശങ്ങൾ വഴിയുള്ള ജോലികൾക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പോലീസ് വ്യക്തമാക്കി. എളുപ്പ വഴിയിലൂടെ പണം സമ്പാദിക്കാനായി നിങ്ങളെ തേടിയെത്തുന്ന വഴികൾ, നിങ്ങൾക്കുള്ള കുരുക്കുകളായിരിക്കും എന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ തട്ടിപ്പിനിരയായാൽൗ 1930 എന്ന നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണമെന്നും പോലീസ് അറിയിച്ചു.
Discussion about this post