എറണാകുളം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സാന്ദ്രാ തോമസ്. തന്റെ പരാതിയിൽ ഉൾപ്പെട്ടവരാണ് നടപടിയ്ക്ക് പിന്നിൽ. സിനിമാ രംഗത്ത് പവർ ഗ്രൂപ്പ് ഉണ്ടെന്നും സാന്ദ്രാ തുറന്നടിച്ചു. പുറത്താക്കിയതായുള്ള വാർത്തകൾക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തന്നെ പുറത്താക്കിയത്. തന്റെ പരാതിയിലും ഉൾപ്പെട്ടവരും ഭാരവാഹികളും ആണ് ഇതിന് പിന്നിൽ. സിനിമയിൽ പവർഗ്രൂപ്പ് ഉണ്ട്. സത്യം എത്ര മൂടിവച്ചാലും പുറത്തുവരും. അതിജീവിതകൾക്കൊപ്പം നിന്നതിനാണ് തന്നെ പുറത്താക്കിയിരിക്കുന്നത്. ലൈംഗികാതിക്രമം നേരിട്ടാൽ ജോലി ചെയ്യുന്നവർക്ക് പരാതി നൽകാം. എന്നാൽ ഒരു എംപ്ലോയർ ആയ തനിക്ക് ഇതിന് കഴിയില്ല. മറ്റ് സ്ത്രീകൾക്കൊപ്പം നിന്നതിനാണ് തന്നെ പുറത്താക്കിയിരിക്കുന്നത് എന്നും സാന്ദ്രാ തോമസ് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഭാരവാഹികളിൽ നിന്നും പെരുമാറ്റം ഉണ്ടായി. ഇതേ തുടർന്നാണ് പരാതി നൽകിയത്. പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ്, ഔസേപ്പച്ചൻ, അനിൽ തോമസ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. പരസ്യമായി പറയാൻ പറ്റില്ല. നാല് പേരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അത് മാനസികമായി തളർത്തിയെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.
Discussion about this post