തിരുവനന്തപുരം: അർബുദം ബാധിച്ച ഇരുതലമൂരിയ്ക്ക് കീമോതെറാപ്പി. തിരുവനന്തപുരം മൃഗശാലയിലെ ഇരുതലമൂരിയെ ആണ് കീമോ തെറാപ്പിയ്ക്ക് വിധേയനാക്കിയത്. പാമ്പിന് ഇതിന്റെ തുടർ ചികിത്സകൾ നൽകിവരികയാണെന്ന് മൃഗശാല അറിയിച്ചു.
കഴിഞ്ഞ മാസം 10 ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അവശനിലയിലായ പാമ്പിനെ ഇവിടെ എത്തിയത്. റെഡ് സാൻഡ് ബാവ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് ഇത്. തീറ്റ ലഭിക്കാത്തതിനെ തുടർന്നാണ് അവശത എന്നായിരുന്നു ആദ്യം കരുതിയത്. ഇതേ തുടർന്ന് ഭക്ഷണം നൽകുകയായിരുന്നു. എന്നാൽ ഈ തീറ്റ കഴിക്കാൻ പാമ്പിന് കഴിഞ്ഞില്ല. ഇതോടെ വായിലൂടെ ട്യൂബിട്ട് ആഹാരം നൽകാൻ ജീവനക്കാർ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വായിൽ ട്യൂമർ കണ്ടത്.
പിന്നാലെ പാമ്പിനെ ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്‌സി എന്നീ പരിശോധനകൾക്ക് വിധേയനാക്കി. ഇതിൽ ക്യാൻസർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മാസ്റ്റ്‌സെൽ ട്യൂമർ എന്ന അപൂർവ്വയിനം കാൻസർ ആയിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെ ചികിത്സ നൽകുകയായിരുന്നു. മൃഗശാല വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺ, തിരുവനന്തപുരം ജില്ലാ വെറ്റിനറി കേന്ദ്രം ലാബ് വെറ്റിനറി സർജൻ ഡോ. ഹരീഷ് സി, ഡോ. അശ്വതി വി.ജി, ഡോ. അനൂപ്, ഡോ. ലക്ഷ്മി എന്നിവരുടെ സംഘമാണ് പാമ്പിനെ ചികിത്സിക്കുന്നത്. നാല് വയസ്സുള്ള ഇരുതല മൂരിയ്ക്ക് 3.9 കിലോ ഭാരമുണ്ട്.
ഇൻജെക്ഷൻ രൂപത്തിലാണ് പാമ്പിന് മരുന്ന് നൽകുന്നത്. ഭക്ഷണം നൽകാൻ ട്യൂബ് ഇട്ടിട്ടുണ്ട്. നിലവിൽ പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post