പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറയുടെയും സബിയ ബീഗത്തിന്റെയും മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ മുത്തശ്ശിയ്ക്കും പാമ്പ് കടിയേറ്റിരുന്നു. കാലിൽ എന്തോ കടിച്ചതിനെ തുടർന്ന് മുത്തശ്ശി ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ കുട്ടിയ്ക്ക് കടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ല.
ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുത്തശ്ശിയെ വീട്ടിലേക്ക് കൊണ്ടുവരും വഴി അസ്ബിയ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് കുട്ടിയ്ക്ക് പാമ്പ് കടിയേറ്റ വിവരം അറിഞ്ഞത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Discussion about this post