കൊല്ലം; ജില്ലാ ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി ഉത്തരവ്. ട്രെയിൻ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പിടിയിലായ ആർഎസ് ജ്യോതി(38) നാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമയിൽ അവസരം നഷ്ടമാകുമെന്ന് കാട്ടി പ്രതി കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നയാളാണ് പ്രതി.
ജ്യോതിയുടെ നീട്ടിവളർത്തിയ മുടി വെട്ടാൻ ചൊവ്വാഴ്ച കൊല്ലം ജില്ലാ ജയിൽ അധികൃതർ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ വഴി ഇയാൾ കോടതിയെ സമീപിച്ചത്. തമിഴ്സിനിമയിൽ വില്ലൻ വേഷം ചെയ്യേണ്ടതിനാൽ മുടി വെട്ടരുതെന്നായിരുന്നു ഇയാളുടെ അഭ്യർത്ഥന.
ജയിൽ മാന്വൽ ചൂണ്ടിക്കാട്ടി മുടി വെട്ടണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിക്ക് അവസരം നഷ്ടമാകരുതെന്ന് കോടതി നിർദേശിക്കുകയായിരുന്നു. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
Discussion about this post