തൃശ്ശൂർ: ഹണിട്രാപ്പിലൂടെ തൃശ്ശൂർ സ്വദേശിയായ വയോധികനിൽ നിന്നും കോടികൾ തട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതി മനപ്പൂർവ്വം വയോധികനെ ചതിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഹിന്ദു പേരിൽ ആൾമാറാട്ടം നടത്തിയാണ് യുവതി വയോധികനുമായി പരിചയത്തിലായതെന്നും പോലീസ് വ്യക്തമാക്കുന്നു. കേസിൽ കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ആവണി എന്ന പേരിലാണ് ഷെമി വയോധികനോട് പേര് പറഞ്ഞിരുന്നത്. 23 വയസ്സാണെന്നും ഹോസ്റ്റലിൽ പഠിക്കുകയാണെന്നും പറഞ്ഞിരുന്നു. ആരംഭത്തിൽ ഹോസ്റ്റൽ ഫീസ് അടയ്ക്കാനെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഷെമി പണം വാങ്ങി. എന്നാൽ പിന്നീട് വലിയ തുക ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ ഇവർ സെക്‌സ് ചാറ്റ് ഉൾപ്പെടെ ഇവർ ചെയ്തിരുന്നു. ആദ്യം ഷെമിയാണ് വയോധികന് സന്ദേശം അയച്ചത്.
ചാറ്റിലൂടെ വരാറുള്ള യുവതി വീഡിയോ കോൾ വിളിച്ചു. ഇത് എടുത്തപ്പോൾ നഗ്നയായി ഇരിക്കുന്ന ഒരു യുവതിയെ ആയിരുന്നു കണ്ടത്. ഈ ദൃശ്യങ്ങൾ ഇവർ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇത് കാണിച്ച് ദമ്പതികൾ വയോധികനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒടുക്കം ഭാര്യയുടെ ഭൂമി വിറ്റ വകയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുടെ നിക്ഷേപവും ഉൾപ്പെടെ രണ്ട് കോടിയോളം രൂപ ഇയാൾ അയച്ചുകൊടുത്തു. എന്നാൽ വയോധികന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത മകനിൽ സംശയം ഉളവാക്കുകയായിരുന്നു. തുടർന്ന മകൻ പോലീസിൽ പരാതി നൽകി. വീഡിയോ കോൾ വന്ന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post