നല്ല ചൂടായ എണ്ണയിൽ വറുത്ത് കോരിയെടുക്കുന്ന ഭക്ഷണങ്ങൾ കഴിക്കാനാണ് മലയാളികൾക്ക് ഏറെ ഇഷ്ടം. ഇങ്ങനെ വറുത്തെടുത്ത ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അതൊന്നും തന്നെ നമ്മുടെ ഈ ശീലത്തെ ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ. ഇങ്ങനെ വറുക്കാനും പൊരിയ്ക്കാനുമെല്ലാം ധാരളം എണ്ണയാണ് നമുക്ക് ആവശ്യമായി വേണ്ടത്. ചിക്കനും മീനുമെല്ലാം വറുത്ത എണ്ണ പിന്നീട് കളയുകയാണ് പല വീടുകളിലും ചെയ്യാറുള്ളത്. എണ്ണയിൽ മസാല കലരും എന്നതാണ് ഇതിന് കാരണം. പപ്പടം കാച്ചിയ എണ്ണയും ഇങ്ങനെ കളയുന്നവർ ഉണ്ട്.
എന്നാൽ ഇനി ഇങ്ങനെ വറുത്ത എണ്ണകൾ ഒന്നും കളയേണ്ട ആവശ്യമില്ല. ഈ ഒരു സൂത്രം പ്രയോഗിച്ച് മസാലയെല്ലാം മാറിയ നല്ല തെളിഞ്ഞ എണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാം. ഇത് കറികളിലും ഉപയോഗിക്കാം. ഇതിനായി ഒരു പൊടി മാത്രം മതി.
കൂവപ്പൊടിയാണ് ഇതിനായി നമുക്ക് വേണ്ടത്. വറുത്ത് കോരിയെടുത്ത് എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് ഗ്യാസിൽ വയ്ക്കുക. ഇത് നന്നായി ചൂടാൻ അനുവദിയ്ക്കുക. ഇത് ചൂടായിവരുമ്പോഴേയ്ക്കും ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ കൂവപ്പൊടി എടുത്ത് വെള്ളം ഒഴിച്ച് കലക്കുക. കട്ടകൾ ഇല്ലാത്ത രീതിയിൽ നന്നായി യോജിപ്പിക്കണം. ഇനി തിളച്ച എണ്ണയിലേക്ക് ഇത് ഈ കൂവപ്പൊടിയുള്ള വെള്ളം സ്പൂണിൽ എടുത്ത് ഒഴിച്ച് കൊടുക്കാം. ശേഷം വീണ്ടും ചൂടാകാൻ അനുവദിക്കുക. ചൂടായി വരുമ്പോൾ ഈ കൂവപ്പൊടി കട്ട പിടിച്ച് എണ്ണയിലെ മസാലയും കറുത്ത പൊടിയുമെല്ലാം ആഗിരണം ചെയ്ത് എണ്ണ പുതിയത് പോലെ ആകുന്നതായി കാണം. എണ്ണയിലെ കരടുകൾ പൂർണമായി നീങ്ങിയാൽ ഗ്യാസ് സ്റ്റൗ ഓഫ് ആക്കുക. ചൂടാറിയ ശേഷം ഈ എണ്ണ അരിച്ച് എടുക്കാം.
അതേസമയം എണ്ണയിലെ കരടുകൾ നീക്കം ചെയ്യാൻ മാത്രമാണ് ഈ രീതി ഉപയോഗിക്കാൻ സാധിക്കുക. എണ്ണ പൂർണമായി ശുദ്ധീകരിക്കാൻ ഈ വിദ്യ ഉപയോഗിക്കാൻ കഴിയില്ല. അത് മാത്രമല്ല ഈ രീതിയിൽ കരട് നീക്കിയ എണ്ണ രണ്ടിലധികം കൂടുതൽ തവണ ചൂടാക്കി ഉപയോഗിക്കരുത്.
Discussion about this post