തിരുവനന്തപുരം: വിളവൂർക്കലിൽ വീണ്ടും വെടിയുണ്ട കണ്ടെത്തി. കഴിഞ്ഞ ദിവസം വെടിയുണ്ട പതിച്ച വീടിന് 100 മീറ്റർ അകലെ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ മലയിൻകീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സിഎസ്‌ഐ പള്ളിയ്ക്ക് സമീപത്ത് നിന്നാണ് രണ്ടാമത്തെ വെടിയുണ്ട കണ്ടെത്തിയത്. രണ്ടാമത്തെ വെടിയുണ്ട കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. കുട്ടികളും വയോധികരും ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന പ്രദേശം ആണ് ഇത്. ഇത് ആശങ്ക ഇരട്ടിയാക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധനയ്ക്കായി വെടിയുണ്ട സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ ആനന്ദൻ താമസിക്കുന്ന വാടക വീട്ടിലാണ് കഴിഞ്ഞ ദിവസം വെടിയുണ്ട കണ്ടെത്തിയത്. വീട്ടിലെ ഹാളിൽ കിടന്ന സോഫയിൽ ആയിരുന്നു വെടിയുണ്ട ഉണ്ടായിരുന്നത്. മേൽക്കൂര തുളച്ചായിരുന്നു ഈ വെടിയുണ്ട വീടിനുള്ളലിലേക്ക് വീണത്. ഉടനെ തന്നെ വീട്ടുടമ പോലീസിൽ പരാതി നൽകി. ഈ പ്രദേശത്തിന് അടുത്താണ് മൂക്കുന്നിമല ഫയറിംഗ് സ്റ്റേഷൻ. ഇവിടെ നിന്നും ലക്ഷ്യം തെറ്റി പതിയ്ക്കുന്ന വെടിയുണ്ടകളാണ് ഇതെന്നാണ് സൂചന.
Discussion about this post