എറണാകുളം: മലയാളികളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ഇതിൽ രമണമൻ എന്ന ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ അങ്ങനെ പെട്ടെന്ന് ഒന്നും നമുക്ക് മറക്കാൻ കഴിയില്ല. നടന്റെ സിനിമാ ജീവിതത്തിലെ വഴത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വപ്‌നഭവനത്തിന് പഞ്ചാബി ഹൗസ് എന്ന് പേരിട്ടു. എന്നാൽ പിന്നീട് അങ്ങോട്ട് ഈ വീടുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ടുകൾ ആയിരുന്നു താരത്തിന് നേരിടേണ്ടിവന്നത്.
താമസം തുടങ്ങി അൽപ്പ നാളുകൾ കഴിഞ്ഞപ്പോൾ തന്നെ തറയിലെ ടൈലുകൾ മുഴുവൻ ഇളകി വരാൻ തുടങ്ങി. കരാറുകാരനുമായി ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ ഈ വിഷയം ഉപഭോക്തൃകോടതിയിലും എത്തി. ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഹരിശ്രീ അശോകൻ.
ഒരുപാട് കഷ്ടപ്പെട്ടാണ് കൊച്ചിയിൽ സ്ഥലം വാങ്ങി നല്ലൊരു വീടുവച്ചത് എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. അപ്പോൾ വലിയ സന്തോഷം ആയിരുന്നു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വീടിന്റെ ഫർണിഷിംഗ്- ഫ്‌ളോറിംഗ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് വീട്ടിലെ പ്രശ്‌നങ്ങൾക്ക് കാരണം ആയത്.
ഫർണിഷിംഗ് പൂർത്തിയായി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടൈൽ പൊട്ടാൻ ആരംഭിച്ചു. രാത്രി ഉഗ്രശബ്ദം കേട്ട് പോയി നോക്കിയപ്പോൾ ടൈൽ പൊട്ടിയതാണ് കണ്ടത്. പണി ചെയ്ത ആളെ വിളിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞാണ് വന്നത്. പിന്നീട് ടൈൽ ശരിയാക്കിയതിന് കാശ് ചോദിച്ചു. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബാക്കിയുള്ള ടൈലുകളും തകരാൻ ആരംഭിച്ചു.
പരാതി പരിശോധിക്കാൻ കോടതി കമ്മീഷനെ വച്ചു. അവർ വന്ന് വീട് പരിശോധിച്ച് സാമ്പിളുകൾ കൊണ്ടുപോയി. പരിശോധനയിൽ ടൈൽ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം എന്നായിരുന്നു കണ്ടെത്തൽ. ഇതോടെയാണ് അനുകൂല വിധി ഉണ്ടായത്.
Discussion about this post