തിരുവനന്തപുരം: ജില്ലയിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി വിവരം. തീരദേശ മേഖലയിലെ ജനങ്ങളാണ് പാമ്പുകളുടെ ശല്യത്തെ തുടർന്ന് ഭീതിയിൽ കഴിയുന്നത്. ഇതിനോടകം തന്നെ നിരവധി പേർക്ക് പാമ്പിന്റെ കടിയേറ്റിട്ടുണ്ട്.
വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് എന്നീ തീരമേഖലകളിലാണ് പാമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്. പകലും രാത്രിയും പാമ്പുകളെ ഒരുപോലെ കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നു. പലപ്പോഴും നടക്കുന്നതിനിടെ അപ്രതീക്ഷിതമായി പാമ്പ് ഇഴഞ്ഞ് നീങ്ങാറുണ്ട്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ ഉൾപ്പെടെ സഞ്ചരിക്കാനും ഭയമാണെന്ന് ഇവർ പറയുന്നു.
ഈ സ്ഥലങ്ങളിൽ മിക്ക പ്രദേശങ്ങളും കാട് പിടിച്ച് കിടക്കുകയാണ്. ഇവിടമാണ് പാമ്പുകളുടെ താവളങ്ങൾ. കഴിഞ്ഞ മാസം 17 ന് അഞ്ചുതെങ്ങിൽ ഒരു വയോധിക പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇത് ഭീതി ഇരട്ടിയാക്കിയിട്ടുണ്ട്. പാമ്പ് കടിയേറ്റ് ചികിത്സയ്‌ക്കെത്തുന്നവർക്ക് നൽകാനായി ആന്റി വെനം പലപ്പോഴും സ്‌റ്റോക്ക് ഉണ്ടാകാറില്ല. ഇത് ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്.
അണലി, മൂർഖൻ തുടങ്ങി നിരവധി വിഷപാമ്പുകളാണ് പ്രദേശത്ത് ഉള്ളത്. അഞ്ചോളം പാമ്പുകളെ അടുത്തിടെ ഇവിടെ നിന്നും പിടികൂടിയിരുന്നു. പാമ്പിന്റെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Discussion about this post