കണ്ണൂൺ: എഡിഎം നവീൻ ബാബു ആത്മത്യ ചെയ്ത കേസിൽ പ്രതിയായ പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗം മാത്രം അടിസ്ഥാനമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തിന് ക്ലീൻ ചിറ്റ്. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ലെന്നാണ് വിവരം.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് വിവരം. അതേസമയം, കേസിൽ ദിവ്യക്ക് ലഭിച്ച ജാമ്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നവീൻ ബാബുവിന്റെ കുടുംബം. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് തീരുമാനമെന്ന് നവീൻ ബാബുവിന്റെ ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പി പി ദിവ്യ പ്രതികരിച്ചിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യം തെളിയണമെന്നാണെന്നും പിപി ദിവ്യ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post