എറണാകുളം: മുനമ്പം വഖഫ് അധിനിവേശ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയിലാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. 610 കുടുംബങ്ങൾ, അവർ കാലങ്ങളായി താമസിക്കുന്ന ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുക എന്ന സാഹചര്യം വളരെ ഭയാനകമാണ്. ഇവരോട് കാണിക്കുന്ന നീതി നിഷേധം ഈ തിരഞ്ഞെടുപ്പ് കാലത്ത് ആരും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം നിവാസികളുടെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.
മുനമ്പം നിവാസികളെ അനുകൂലിക്കുന്നവരെ വർഗ്ഗീയവാദികളായി ചിത്രീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് സമരപ്പന്തൽ സന്ദർശിക്കാൻ തീരുമാനിച്ചത്. ഭൂമി നഷ്ടപ്പെടുന്ന ആളുകളിൽ എല്ലാ മതവിഭാഗങ്ങളും ഉണ്ട്. നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പമാണ് ബിജെപി. അതിന് ജാതിയോ മതമോ ബിജെപി നോക്കാറില്ല. ഇവിടെ സമരം തുടങ്ങിയിട്ട് ഇത്രയും കാലം ആയല്ലോ?. ഒരു മാസത്തിലധികമായി ഇവർ സമരം ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ വിഷയത്തിന് പരിഹാരം കാണാത്തത്. സമരം ആരംഭിച്ച് ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംഭവം വർഗ്ഗീയവത്കരിക്കാൻ ശ്രമം ആരംഭിച്ചത്. ഭൂമി നാട്ടുകാർക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഎമ്മും കോൺഗ്രസും പ്രമേയം പാസാക്കി. മുഖ്യമന്ത്രിയ്ക്കും മറ്റ് നിയമസഭാ അംഗങ്ങൾക്കും വിഷയത്തിൽ എങ്ങനെയാണ് നീതി ഉറപ്പാക്കാൻ കഴിയുകയെന്നും അ്‌ദ്ദേഹം ചോദിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെന്നാൽ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മന്ത്രിയല്ല. മുഴുവൻ ന്യൂനപക്ഷങ്ങളുടെയും മന്ത്രിയാണ്. വഖഫിന്റെ മാത്രം മന്ത്രിയല്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കാൻ മന്ത്രി ബാദ്ധ്യസ്ഥനാണ്. എന്നിട്ടും എന്തുകൊണ്ടാണ് വഖഫിനെ മാത്രം മന്ത്രി പിന്തുണയ്ക്കുന്നത്.
വിഷയത്തിൽ കേരള ജനത മുഴുവൻ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ആയിരുന്നു കൽപ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. ഇതിൽ പങ്കെടുക്കാൻ ചെന്നപ്പോൾ നിരവധി പേർ എന്നോട് ചോദിച്ചു. നാളെ ഈ പ്രദേശം വഖഫിന്റേതായി മാറുമോ?. ഏത് നിമിഷവും സ്വന്തം കിടപ്പാടം നഷ്ടപ്പെടാമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post