എറണാകുളം: അടുത്തിടെയാണ് കൽപ്പനയുടെ മുൻഭർത്താവും സംവിധായകനുമായ അനിൽ കുമാർ വിവാഹിതനായെന്ന വാർത്ത പുറത്തുവന്നത്. ഒരു വിവാഹ ചടങ്ങിൽ ഒരു സ്ത്രീയ്‌ക്കൊപ്പം കണ്ടതോടെയാണ് വിവാഹിതനായി എന്ന വിവരം പുറത്തായത്. ഇതിന് പിന്നാലെ ഇക്കാര്യം വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന് ചില ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങളും നേരിടേണ്ടിവന്നു. എന്നാൽ വീണ്ടും വിവാഹിതനായതിന്റെ കാരണം വ്യക്തമാക്കുകയാണ് അനിൽ കുമാർ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനിൽ കാര്യങ്ങൾ വിശദമാക്കിയത്.
അമ്മയ്ക്ക് വേണ്ടിയാണ് വീണ്ടും വിവാഹിതൻ ആയത് എന്നാണ് അനിൽ കുമാർ പറയുന്നത്. വീണ്ടും വിവാഹം എന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ അമ്മ അസുഖബാധിതയായി കിടപ്പിലായി. അമ്മയ്ക്ക് എന്നെക്കുറിച്ച് വലിയ ഉത്കണ്ഠ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പേര് കൃഷ്ണ എന്നാണ്. അഭിഭാഷകയായിരുന്നു. ഇപ്പോൾ ഞങ്ങൾ കൊച്ചിയിലാണ് താമസിക്കുന്നത്.
ഒരിക്കലും ഞാനും കൽപ്പനയും തമ്മിൽ വഴക്കിട്ടിരുന്നില്ല. ചെറിയ തെറ്റിദ്ധാരണകൾ നിലനിന്നിരുന്നു. ഇതാണ് വേർപിരിയൽവരെ എത്തിയത്. ചുറ്റുമുള്ളവരാണ് ഞങ്ങളുടെ വേർ പിരിയലിന് കാരണം. ചിലർ തേർന്ന് ചെറിയ മുറിവ് വലിയ വ്രണം ആക്കി. കൽപ്പനയെക്കുറിച്ച് എല്ലാവർക്കും അറിയാം. അങ്ങിനെ ഉള്ള ആളെ എന്തിനാണ് ഞാൻ സംശയിക്കുന്നത്?.
മരണം വരെ അവൾ എന്റെ അടുത്തേയ്ക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അക്കാലത്ത് പലപ്പോഴും മുൻവാതിലിന്റെ കതക് വൈകിയേ അടയ്ക്കാറുള്ളായിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു. നോക്കിക്കോ അവൾ വരും. പിരിയുന്നതിന് മുൻപുള്ള അവസാന സന്ദേശം ഇപ്പോഴും ഓർക്കാറുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.
കോടതിയെ സമീപിച്ചത് കൽപ്പനയിൽ നിന്നും വിവാഹ മോചനത്തിന് വേണ്ടിയല്ല. അവളെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ്. പക്ഷെ പിന്നീട് പ്രശ്‌നങ്ങൾ രൂക്ഷമായി. ഞങ്ങളെ അകറ്റിയതിന് പിന്നിൽ അദൃശ്യകരങ്ങൾ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. മകൾ ശ്രീമയി ഇപ്പോൾ കൽപ്പനയുടെ അമ്മയ്‌ക്കൊപ്പം ചെന്നൈയിൽ ആണ്. മകളുമായി ഇപ്പോൾ അടുപ്പമില്ല. ഒരിക്കൽ സമ്മാനങ്ങളുമായി കാണാൻ ചെന്നിരുന്നു. എന്നാൽ സെക്യൂരിറ്റിയുടെ കൈവശം കൊടുക്കാൻ പറഞ്ഞു. പിന്നീട് പോയിട്ടില്ലെന്നും അനിൽ കുമാർ.
Discussion about this post