തൃശൂർ: രാജ്യത്ത് ഗിഗ് തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്.സൊമാറ്റോ,സ്വഗി,ഊബർ,ഒല,ഫ്‌ളിപ്കാർട്ട്,ആമസോൺ എന്നീ കമ്പനികളിൽ ജോലി ചെയ്യുന്നവരെയാണ് ഗിഗ് വർക്കർമാരായി കണക്കാക്കിയിരിക്കുന്നത്. സ്ഥിരമല്ലാതെ, ആവശ്യാനുസരണം കരാറടിസ്ഥാനത്തിൽ ചെയ്യുന്ന താൽകാലിക ജോലികളെയാണ് ഗിഗ് എന്ന് വിശേഷിപ്പിക്കുന്നത്.
ഫോണും വാഹനവുമുണ്ടെങ്കിൽ സുഖമായി പാർടൈം ആയി ജോലി ചെയ്യാം എന്നതാണ് ഗിഗ് ജോലിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. നിലവിൽ 77 ലക്ഷം പേരാണ് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നതെങ്കിൽ അടുത്ത 5-10 വർഷത്തിനുള്ളിൽ രാജ്യത്ത് അവരുടെ എണ്ണം 2.3 കോടിയായേക്കും. സംസ്ഥാനത്ത് യുവതികൾ ഉൾപ്പെടെ 2ലക്ഷത്തോളം ഗിഗ് തൊഴിലാളികളാണ് ഉള്ളത്.
ഗിഗ് തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കേണ്ട ദൂരത്തിന് അനുസരിച്ചാണ് പ്രതിഫലം. ഇന്ധനച്ചെലവ് സ്വയം വഹിക്കണം.പീക്ക് അവറുകളായ ഉച്ചയ്ത്ത് 12-3 വരെയും വൈകീട്ട് 6-9 വരെയും നിശ്ചിത സമയത്ത് ഓർഡർ എത്തിച്ചാൽ ഇൻസെന്റീവുണ്ട്. പ്രതിദിനം 700 മുതൽ 1200 വരെ പ്രതിഫലം ലഭിക്കാം. ഇതിൽ കൂടുതലും ഗിഗ് വഴി സമ്പാദിക്കുന്നുണ്ട്.
ബോസിനെ ഭയക്കാതെ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാം,ജോലിയ്ക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം, ബാക്കി സമയം മറ്റ് ജോസികളാകാം എന്നതൊക്കെ ഗിഗ് മേഖലയിലേക്ക് ആളുകളെ എത്തിക്കുന്നു. .
ഈ ജോലിയുടെ പ്രധാന പ്രശ്‌നം തൊഴിൽ നിയമമില്ല,തൊഴിൽ സുരക്ഷയില്ല എന്നത് മാത്രമല്ല, മുതലാളി തൊഴിലാളി ബന്ധമില്ല, അടിസ്ഥാന ശമ്പളം,പിഎഫ്, ഇഎസ്‌ഐ,ഓവർടൈം ആനുകൂല്യങ്ങളൊന്നുമില്ല എന്നതൊക്കെ കൂടിയാണ്. ഇവരുടെ ജോലിയിൽ വേഗത്തിന് പ്രാധാന്യം നൽകുന്നതിനാൽ അതിന്റേതായ സമ്മർദ്ദവുമുണ്ട്. അതിവേഗം സഞ്ചരിക്കേണ്ടതിനാൽ അപകടസാദ്ധ്യതയും ഏറെയാണ്.
Discussion about this post