അമരാവതി; അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി തുടങ്ങി ചന്ദ്രബാബു നായിഡു സർക്കാർ. ഒറ്റയടിക്കിതാ 65,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സമ്മതിച്ചിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ശുദ്ധോർജ ഉത്പാദന മേഖലയിലാണ് റിലയൻസ് നിക്ഷേപം നടത്തുക.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആന്ധ്രാപ്രദേശിൽ 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള തരിശുനിലങ്ങളിൽ 130 കോടി രൂപ വീതം നിക്ഷേപം ആവശ്യമുള്ള കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറുകൾ വികസിപ്പിക്കും. 250,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങളാണ് ഈ പദ്ധതി സൃഷ്ടിക്കുക.
തൊഴിലിന് പുറമേ തരിശുഭൂമികളെ പുനരുജ്ജീവിപ്പിക്കാനും ജൈവ ഇന്ധന നിർമാണത്തിന് ഉപയോഗിക്കുന്ന വിളകളുടെ കൃഷിയിൽ പരിശീലനം നൽകി കർഷകരെ സഹായിക്കാനും പദ്ധതി ഗുണകരമാകും. ശുദ്ധ ഊർജ്ജ നയത്തിന് കീഴിൽ നിരവധി ആനുകൂല്യങ്ങൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് പ്രകാരം അഞ്ച് വർഷത്തേക്ക് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറുകളിലെ സ്ഥിര മൂലധന നിക്ഷേപത്തിന് 20 ശതമാനം മൂലധന സബ്‌സിഡിയും അതേ കാലയളവിലെ സംസ്ഥാന ചരക്ക് സേവന നികുതിയുടെ (എസ്ജിഎസ്ടി) പൂർണ്ണമായ റീഇംബേഴ്‌സ്‌മെൻറും ലഭിക്കും.
കമ്പനിയുടെ ക്ലീൻ എനർജി സംരംഭത്തിന് നേതൃത്വം നൽകുന്ന മുകേഷ് അംബാനിയുടെ മകൻ അനന്താണ് ഈ പദ്ധതിയുടെ ചുമതലയെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷുമായി അനന്ത് മുംബൈയിൽ കൂടിക്കാഴ്ച നടത്തിയെന്നും അവിടെ ഈ പദ്ധതിക്ക് അന്തിമരൂപം നൽകിയെന്നും .ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് വിജയവാഡയിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ റിലയൻസും ആന്ധ്രാപ്രദേശ് വ്യവസായ വകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post