തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115 മില്ലീ ലിറ്റർമഴവരെ ലഭിക്കാം. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റെന്നാൾ എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരമേഖലയിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം മത്സ്യബന്ധനത്തിന് തടസ്സമില്ല.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത്. തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയ്ക്ക് കാരണം ആണ്.
Discussion about this post