എറണാകുളം: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത് സംവിധായകൻ പറയിച്ചുവെന്നും നടൻ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്ക് മുൻപ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. പച്ചത്തെറി ആയിരുന്നു ഡയലോഗ്. അത് പറയാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ ആണ് ഇതിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഡയലോഗ് പറയാൻ വിസമ്മതിച്ചതോടെ ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നു. ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് മതി ഷൂട്ടിംഗ് എന്നായി അവർ. തിരക്കഥാകൃത്തും സിനിമയിലെ ക്യാമറാ മാനും ഒരാൾ തന്നെയാണ്. ജഗദീഷേട്ടനും അന്ന് ഉണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ ജഗദീഷ് മധ്യസ്ഥതയ്ക്ക് വന്നു. സാരമില്ല അവർ പറയുന്നത് പോലെ ചെയ്യൂ എന്നായിരുന്നു ജഗദീഷ് എന്നോട് പറഞ്ഞത്.
അപ്പോൾ ഞാൻ പറഞ്ഞു. ഇത് ഞാൻ പറയാം. പക്ഷെ 25 വർഷം കഴിയുമ്പോൾ ഞാൻ നാണം കെടേണ്ടിവരും. ഇത് കേട്ട സംവിധായകൻ ചോദിച്ചു. അതെന്താ അങ്ങനെ പറയുന്നത് എന്ന്. ഈ പടം 25 വർഷം കഴിയുമ്പോൾ ടിവിയിൽ വരും. അപ്പോൾ എന്റെ മകന് വിവാഹ പ്രായം ആകും. അവന്റെ പെണ്ണിന്റെ വീട്ടിൽ പോകുമ്പോഴായിരിക്കും ഈ സിനിമ ഞാൻ കാണേണ്ടതായി വരിക. അത് കണ്ട് ഞാൻ നാണം കെടുമെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ ആ ഡയലോഗ് മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ആ സിനിമ ഇറങ്ങി 25 വർഷം ആകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post