തൃശൂർ: നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിൽ വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ നല്‍കിയ ഹർജിയിലാണ് വിധി പറഞ്ഞത്. ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിന്‍റെ മാനേജിങ് പാർട്ണർ വടൂക്കരയിലുള്ള ജോയ് ഡി പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെയാണ് വീട്ടമ്മ ഹര്‍ജി നല്‍കിയത്.
47,00,000 രൂപയാണ് ബിജിമോൾ നിക്ഷേപിച്ചത്. ആദ്യ ഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകിയെങ്കിലും പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. തുടർന്ന് നിക്ഷേപ സംഖ്യ തിരിച്ചു ചോദിച്ചെങ്കിലും തിരിച്ചുനൽകിയില്ല.
ഇതോടെ, ബിജിമോൾ ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്‍റ് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജി തീര്‍പ്പാക്കാക്കുകയായിരുന്നു.
47,00,000 രൂപയും നഷ്ടപരിഹാരമായി 250000 രൂപയും ചെലവിലേക്ക് 5000 രൂപയും ഈ തുകകൾക്ക് ഹർജി ഫയൽ ചെയ്ത തിയ്യതിയായ 2023 ജനുവരി 17 മുതൽ 9 ശതമാനം പലിശയും നൽകാനാണ് ഉത്തരവ്.
Discussion about this post