റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന തന്റെ മകന്റെ മോചനം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ. റഹീം നിയമസഹായ സമിതിയുമായി ബന്ധപ്പെട്ട് കുടുംബത്തിനുണ്ടായിരുന്ന വിയോജിപ്പിന് കാരണം തെറ്റിദ്ധാരണയായിരുന്നു. തെറ്റിദ്ധാരണ മാറിയെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും ഉമ്മ ഫാത്തിമ പറഞ്ഞു
മകൻ എത്രയും പെട്ടെന്ന് ജയിൽ മോചിതനായി നാട്ടിലേക്ക് എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി ഏതു നേരവും പ്രാർഥിക്കുന്നതായും അവർ പറഞ്ഞു.സൗദി അറേബ്യയിലെത്തിയിട്ട് പതിനഞ്ചു ദിവസമായെങ്കിലും റിയാദിൽ റഹീമിന്റെ മോചനത്തിനായി പ്രവർത്തിക്കുന്ന റഹീം നിയമസഹായസമിതിയെ ഒരിക്കൽ മാത്രമാണ് ബന്ധപ്പെടാൻ ശ്രമിച്ചത്. ചെയർമാൻ സി.പി മുസ്തഫയെ വിളിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചില്ല. ഈ വിഷയത്തിൽ ഞങ്ങൾക്കൊപ്പം നിന്ന നിയമ സഹായസമിതിക്കും മാദ്ധ്യമങ്ങൾക്കും നന്ദിയുണ്ടെന്ന് റഹീമിന്റെ സഹോദരൻ നസീർ പറഞ്ഞു
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 2006 ഡിസംബറിലാണ് കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുൽറഹീം ജയിലിലാവുന്നത്. കഴിഞ്ഞ 18 വർഷമായി റഹീമിന്റെ മോചനത്തിനായി റഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ പരിശ്രമങ്ങൾ നടന്നു വരികയാണ്. മരിച്ച സൗദി ബാലന്റെ കുടുംബം ചോരപ്പണം സ്വീകരിക്കാൻ തയാറായതോടെയാണ് റഹീമിന്റെ വധശിക്ഷ ഒഴിവായതും ജയിൽ മോചനത്തിലേക്ക് കാര്യങ്ങളെത്തിയതും.
Discussion about this post