എറണാകുളം: തനിക്ക് നായക നടൻ ആകാനുള്ള ആത്മവിശ്വാസം നൽകിയത് ഉർവ്വശി ആണെന്ന് ജഗദീഷ്. തന്റെ ഒപ്പം അഭിനയിച്ചതിന്റെ പേരിൽ ഉർവ്വശി വലിയ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അടുപ്പമുള്ള നടിമാരിൽ ഒരാൾ ആണ് ഉർവ്വശി എന്നും ജഗദീഷ് പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജഗദീഷിന്റെ പരാമർശം. നേരത്തെയും നായക നടൻ ആകാൻ ഉർവ്വശി നൽകിയ പിന്തുണയെക്കുറിച്ച് ജഗദീഷ് മനസ് തുറന്നിട്ടുണ്ട്.
എന്റെ പരിമിധികൾ നന്നായി അറിയാമായിരുന്ന നടി ആയിരുന്നു ഉർവ്വശി. അന്ന് കാലത്ത് കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന എനിക്ക് ഒരു നായകനായും അഭിനയിക്കാൻ കഴിയുമെന്ന് പറഞ്ഞ് പ്രചോദനം നൽകിയത് ഉർവ്വശി ആയിരുന്നു. കൊമേഡിയൻ അല്ല, യു കാൻ ബി എ ഹീറോ, യൂ ആർ എ ഹീറോ എന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകിയത് ഉർവ്വശിയാണ്.
തന്നെക്കാൾ സീനിയർ ആയിട്ടുള്ള നടിയാണ് ഉർവ്വശി. ടോപ്പ് ഹീറോയിനുമാണ്. മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെയും കമൽ ഹാസന്റെയും നായിക ആയിരുന്നു ഉർവ്വശി. ഈ സമയത്താണ് എന്റെ നായിക ആയി ഉർവ്വശി എത്തുന്നത്. ശ്രീനിവാസനൊപ്പവും ഉർവ്വശി അഭിനയിച്ചു.
അന്ന് എന്റെ കൂടെ സിനിമ ചെയ്തത് ഇൻഡസ്ട്രിയിൽ വലിയ സംസാരം ആയിരുന്നു. ഉർവ്വശി താഴേയ്ക്ക് പോയി ജഗദീഷിന്റെ നായിക ആയി എന്നെല്ലാമായിരുന്നു സംസാരം. എന്നാൽ അതൊന്നും ഉർവ്വശിയെ ബാധിച്ചില്ല. ശ്രീനിവാസന്റെ ഒപ്പം അഭിനയിച്ചതിനും വലിയ പരിഹാസം ആയിരുന്നു ഉർവ്വശിയ്ക്ക് നേരിടേണ്ടിവന്നത്. എന്റെ കൂടെ അഭിനയിച്ചതിൽ ഉർവ്വശിയോട് കടപ്പാട് ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
Discussion about this post