എറണാകുളം: സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ആരംഭിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആദ്യഘട്ടത്തിൽ ജില്ലയിലെ പ്രമുഖ സ്‌കൂളുകളുടെ പരിസരങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന 110 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ വർഷം ജനുവരിവരെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടയുടമകളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കുന്നത്. ആദ്യ പടിയെന്നോണം ഇവരിൽ നിന്നും വകുപ്പ് വിശദീകരണം തേടും. ഇതിന് ശേഷം പിഴ ഈടാക്കും. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് പിഴ സംഖ്യയും വർദ്ധിക്കും. ഒരു ലക്ഷം രൂപവരെയാണ് കടക്കാരിൽ നിന്നും വകുപ്പ് ഈടാക്കുന്നത്.
സ്‌കൂൾ പരിസരങ്ങളിൽ ഇവർ കൃത്രിമ നിറം ചേർത്ത മിഠായികൾ ഉൾപ്പെടെയാണ് വിൽപ്പന നടത്തുന്നത്. ഇവയ്ക്ക് പുറമേ സിപ്പ് അപ്പും വിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന ആരംഭിച്ചത്. മിഠായി, ശീതളപാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌കറ്റ് എന്നിവയാണ് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയത്.
തമിഴ്‌നാട് ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവ എത്തുന്നത് എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഇവയ്ക്ക് കൃത്യമായ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ല. ഒട്ടും സുരക്ഷിതമല്ലാതെ കടകളിൽ വിൽപ്പന നടത്തുന്ന ഈ ഭക്ഷ്യവസ്തുക്കൾക്ക് അടിമകളായ കുട്ടികൾ ഉണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. ഇത് തടയുന്നതിനാണ് പരിശോധന നടത്തിയത്.
Discussion about this post