കത്തി പോലെ തന്നെ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒന്നാണ് കത്രിക. ചില വീടുകളിൽ ഒന്നിലധികം കത്രികകൾ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉണ്ടാകും. തുണി മുറിയ്ക്കുന്നതിനും പേപ്പറുകൾ മുറിയ്ക്കുന്നതിനും വേറെ വേറെ കത്രികകളാണ് ഉപയോഗിക്കാറുള്ളത്. തുണി മുറിയ്ക്കുന്ന കത്രിക കൊണ്ട് പ്ലാസ്റ്റിക്കോ പേപ്പറോ മുറിച്ചാൽ അതിന്റെ മൂർച്ച പോകും എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇന്ന് മീൻ മുറിയ്ക്കുന്നതിനും പച്ചക്കറി മുറിയ്ക്കുന്നതിനും കത്രികകൾ ഉണ്ട്.
കത്തിയുടെ മൂർച്ച പോയാൽ ഉടനെ കരിങ്കല്ലിൽ ഉരച്ച് അതിന്റെ മൂർച്ച വീണ്ടെടുക്കാറുണ്ട്. വല്ലപ്പോഴും മൂർച്ച കൂട്ടാൻ കടകളിലും കൊടുക്കും. എന്നാൽ കത്രികയുടെ കാര്യമോ?. സാധാരണയായി മൂർച്ച പോയ കത്രിക എല്ലാവരും കളയുകയാണ് പതിവ്. ഇതിന് പകരം പുതിയത് വാങ്ങിക്കും. ഇതിന്റെ മൂർച്ചപോയാലും കളഞ്ഞ് പുതിയ ഒന്ന് വാങ്ങിയ്ക്കും. കത്തിപോലെ കത്രിക കല്ലിൽ ഉരച്ച് മൂർച്ച കൂട്ടാൻ നമുക്ക് കഴിയില്ല.
എന്നാൽ ഇനി മൂർച്ചപോയ കത്രിക ഇനി കളയണ്ട. കടയിൽ കൊടുക്കുകയോ കല്ലിൽ ഉരയ്ക്കുകയോ ചെയ്യാതെ തന്നെ കത്രികയുടെ മൂർച്ച ഇനി കൂട്ടാം. ഇതിനായി മുട്ടത്തോട് മാത്രം മതി.
മൂന്ന് മുട്ടയുടെ തോടാണ് ഇതിന് ആവശ്യം. ഇത് നന്നായി വെയിലത്ത് വച്ച് ഉണക്കി എടുക്കണം. രണ്ട് ദിവസം വെയിൽ കൊള്ളിച്ച് ചൂടാക്കിയാൽ മതിയാകും. തോടിന് ഒരു ദൃഢത വരുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് ശേഷം മൂർച്ച പോയ കത്രിക കൊണ്ട് ഈ മുട്ടത്തോട് അരിയാം. നല്ല കുനുകുനായെന്ന് വേണം അരിയാൻ. മുട്ടത്തോട് പൊടിഞ്ഞ് വേണം താഴെ വീഴാൻ. രണ്ട് മുട്ടത്തോട് മുറിച്ച് തീരുമ്പോൾ തന്നെ കത്രികയുടെ മൂർച്ച മാറിയതായി കാണാം.
Discussion about this post