മുടിയുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റോസ് മേരി എന്നത് എല്ലാവർക്കും അറിയാം. ഷാംപൂ, കണ്ടീഷണർ, ഹെയർ ക്രീം തുടങ്ങി മുടിയ്ക്ക് വേണ്ടിയുള്ള ഒട്ടുമിക്ക ഉത്പന്നങ്ങളിലും റോസ് മേരിയുടെ സാന്നിദ്ധ്യം ഉണ്ടാകും. പണ്ട് മുടിയുടെ ആരോഗ്യത്തിന് വേണ്ടി റോസ് മേരി അടങ്ങിയ ഷാംപൂം ക്രീം എന്നിവയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് റോസ് മേരി വെള്ളവും റോസ് മേരി ഓയിലും വിപണിയിൽ ലഭ്യമാണ്.
ഭൂരിഭാഗം പേരും മുടി കരുത്തോടെ വളരാൻ ഉപയോഗിക്കുന്ന ഒന്നാണ് റോസ് മേരി ഓയിൽ. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയ്‌ക്കൊപ്പം ഈ ഓയിൽ രണ്ടോ മൂന്നോ തുള്ളി ഒറ്റിയ്ക്കും. എന്നിട്ട് നന്നായി യോജിപ്പിച്ച് തലയിൽ തേയ്ക്കും. എന്നാൽ ഇത്തരം ഓയിലുകൾക്ക് വിപണിയിൽ വലിയ വിലയാണ് ഉള്ളത്. 300 മുതൽ 1000 രൂപ വരെയാണ് വിവിധ കമ്പനികൾ ഈ ഓയിലിന് വിലയായി ഈടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം എണ്ണകളുടെ നിത്യോപയോഗത്തിൽ നിന്നും പലരും പിന്മാറാറുണ്ട്. എന്നാൽ ഇനി റോസ് മേരി ഓയിലിന് വേണ്ടി ഇനി ആരും പണം ചിലവാക്കേണ്ട. ഈ ഓയിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
റോസ് മേരി ഓയിൽ നിർമ്മിയ്ക്കാൻ ആദ്യമായി നമുക്ക് വേണ്ടത് റോസ് മേരിയുടെ ഇലകൾ ആണ്. റോസ് മേരി ചെടി എല്ലാ ചെടി വിൽപ്പന കേന്ദ്രങ്ങളിലും ലഭിക്കും. ഇത് വീട്ടിൽ കൊണ്ടുവന്ന് നട്ടുപിടിപ്പിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. നിസാര വിലയ്ക്ക് തന്നെ ചെടി ലഭിക്കാറുണ്ട്.
ആദ്യം ഒരു സോസ്പാൻ എടുത്ത് അതിലേക്ക് രണ്ട് കപ്പ് ഓയിൽ ഒഴിയ്ക്കുക. ശേഷം ഗ്യാസ് ഓൺ ആക്കി ചൂടാക്കുക. എണ്ണ ചെറുതായി ചൂടാകുമ്പോൾ ഇതിലേയ്ക്ക് ഒരു പിടി റോസ് മേരി ഇലകൾ ഇട്ട് കൊടുക്കാം. ചെറുതീയിൽ തന്നെ വച്ച് ഈ എണ്ണ നന്നായി ഇളക്കുക. അഞ്ച് മിനിറ്റ് നേരം നന്നായി ഇളക്കിയ ശേഷം ഈ എണ്ണ ചൂടാറാൻ വയ്ക്കാം. നന്നായി ചൂടാറിയാൽ ഈ എണ്ണ നന്നായി അരിച്ച് എടുത്ത് ബോട്ടിലിൽ ആക്കി സൂക്ഷിക്കാം.
ഇനി ഉണങ്ങിയ റോസ് മേരി ഇല ഉപയോഗിച്ചും ഓയിൽ ഉണ്ടാക്കാം. ഉണങ്ങിയ ഇല ഒരു ബോട്ടിലിൽ എടുത്ത് അതിലേയ്ക്ക് എണ്ണ ഒഴിക്കാം. ഒരു ദിവസം വച്ച ശേഷം ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.
Discussion about this post