മെൽബൺ: സൂര്യനിൽ പൊട്ടിത്തെറികളുടെ എണ്ണവും ശക്തിയും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആശങ്കയിൽ ഗവേഷകർ. സൂര്യനിലെ പൊട്ടിത്തെറികൾ ബഹിരാകാശത്തെ ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നതാണ് ഗവേഷകരിൽ ആശങ്കയുളവാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ മൂന്ന് സാറ്റ്‌ലൈറ്റുകൾ തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഓസ്‌ട്രേലിയയുടെ ഉപഗ്രഹങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു മൂന്ന് എണ്ണവും തകരാറിൽ ആയത് എന്നാണ് വിവരം. ആറ് മാസത്തെ പര്യവേഷണത്തിന് വേണ്ടി ആയിരുന്നു ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ചത്. എന്നാൽ രണ്ട് മാസം മാത്രമാണ് ഇവയ്ക്ക് ബഹിരാകാശത്ത് തങ്ങാൻ കഴിഞ്ഞത്. സൂര്യനിൽ തുടർച്ചയായി ഉണ്ടാകുന്ന പൊട്ടിത്തെറികളാണ് ഈ അവസ്ഥയിൽ എത്തിച്ചത് എന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
സൂര്യനിൽ നിന്നുള്ള ഊർജ്ജം ബാഹ്യ അന്തരീക്ഷത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അത് ഒരു ബലൂൺ പോലെ വികസിക്കുകയും ചെയ്യുന്നു. ഇതാണ് ഭൂമിക്ക് സമീപമുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ അപകടത്തിലാക്കുന്നത്. ഈ പ്രതിഭാസം ഉപഗ്രഹങ്ങളിൽ അന്തരീക്ഷത്തിന്റെ വലിവ് വർദ്ധിക്കാൻ കാരണം ആകുന്നു. ഇത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇതോടെ ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു. സൂര്യനിലെ പ്രവർത്തനങ്ങൾ ഈ നിലയിൽ തുടർന്നാൽ വരും ദിവസങ്ങളിലും സമാനമായ രീതിയിൽ ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
നിലവിൽ 11 വർഷ സൈക്കിളിലെ അവസാന സൈക്കിളിലൂടെയാണ് സൂര്യന്റെ സഞ്ചാരം. ഇതാണ് സൂര്യനിൽ പൊട്ടിത്തെറികളുടെ എണ്ണം വർദ്ധിക്കാൻ കാരണം ആകുന്നത്.
Discussion about this post