ചെന്നൈ: സൂര്യയുടെ പുതിയ ചിത്രം കങ്കുവയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി ജ്യോതിക. കങ്കുവ സമാനതകളില്ലാത്ത സിനിമാ അനുഭവം ആണെന്നും ഒരു സിനിമാ പ്രേമി എന്ന നിലയ്ക്കാണ് താനിത് പറയുന്നത് എന്നും ജ്യോതിക പറഞ്ഞു. വിമർശനങ്ങൾക്കിടെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ജ്യോതിക വിമർശനങ്ങൾക്കെതിരെ രംഗത്ത് എത്തിയത്.
സൂര്യ എല്ലായ്‌പ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന നടനാണ്. കങ്കുവയും അത്തരത്തിൽ ഒരു പരീക്ഷണം ആണ്. ഇതിനായി സൂര്യ കാണിക്കുന്ന ധൈര്യം കാണുമ്പോൾ അദ്ദേഹത്തെ ഓർത്ത് അഭിമാനമാണെന്ന് ജ്യോതിക പറയുന്നു. സിനിമയിലെ ആദ്യ അര മണിക്കൂർ വേണ്ട വിധത്തിൽ പ്രേഷകരിലേക്ക് എത്തുന്നില്ല. എന്നാൽ അത് കഴിഞ്ഞാൽ ഒരുഗ്രൻ സിനിമയാണ്. സിനിമയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ ചെറിയ ന്യൂനതകൾ സംഭവിക്കുക സ്വാഭാവികം ആണ്. മൂന്ന് മണിക്കൂർ നീണ്ട ചിത്രത്തിൽ അര മണിക്കൂർ മാത്രമാണ് അൽപ്പം പ്രശ്‌നമുള്ളത്.
തമിഴ്‌സിനിമ ഇതുവരെ കാണാത്ത ക്യാമറ വർക്ക് ആണ് വെട്രി പളനിസാമി നടത്തിയിരിക്കുന്നത്. അങ്ങനെ കങ്കുവയ്ക്ക് നിരവധി പോസിറ്റീവ് വശങ്ങൾ ഉണ്ട്. അതേക്കുറിച്ച് ആരും എന്താണ് മിണ്ടാത്തത്. സ്ത്രീകളുടെ ആക്ഷൻ സീക്വൻസും ചെറിയ കുട്ടി കങ്കുവയോട് കാണിക്കുന്ന സ്‌നേഹവും വഞ്ചനയും ആരും കണ്ടില്ലേ?. സിനിമയിലെ നല്ലകാര്യങ്ങൾ എല്ലാം അവഗണിച്ചു. ഇങ്ങനെയാണ് റിവ്യു എഴുതുന്നവർ റിവ്യൂ പങ്കുവച്ചിരിക്കുന്നത്. ഇനി ഇവരെ വിശ്വസിക്കണോ എന്നാണ് ഈ ഘട്ടത്തിൽ ഞാൻ ചിന്തിയ്ക്കുന്നത്.
ആദ്യ ഷോയ്ക്ക് മുൻപ് തന്നെ കങ്കുവയ്‌ക്കെതിരെ നെഗറ്റീവ് അഭിപ്രായങ്ങൾ അഴിച്ചുവിടുന്നുണ്ട്. ഇത് കാണുമ്പോൾ ദു:ഖം ഉണ്ട്. ചില ഗ്രൂപ്പുകൾ ആണ് ഇതിന് പിന്നിൽ. മികച്ച ദൃശ്യാനുഭവം കാഴ്ചവയ്ക്കാൻ കങ്കുവ ടീമിന് കഴിഞ്ഞു. അതിൽ അഭിമാനിക്കാമെന്നും ജ്യോതിക പറഞ്ഞു.
Discussion about this post