ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പ് പ്രകാരം മാന്നാർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താൽക്കാലിക കായിക അദ്ധ്യാപകനായി ജോലിചെയ്ത് വരികയായിരുന്ന ഇയാള്‍ സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് കുട്ടികളോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്.
വിദ്യാർത്ഥിനി സംഭവം വീട്ടിലറിയിച്ചതോടെ രക്ഷകർത്താക്കൾ മാന്നാർ പോലീസിൽ പരാതി നല്കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ഒരാഴ്ചയായി സുരേഷ് കുമാർ ഒളിവിലായിരുന്നു. പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
മാന്നാർ എസ്ഐ അഭിരാം സിഎസ്, വനിത എഎസ്ഐ സ്വർണ്ണ രേഖ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതി ഇത്തരത്തിൽ പല വിദ്യാർത്ഥിനികൾക്ക് നേരെയും പീഡന ശ്രമം നടത്തിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post