മലപ്പുറം; ഒരേ വേദിപങ്കിട്ട് ബിജെപി വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ച സന്ദീപ് വാര്യറും മുതിർന്ന നേതാവ് കെ മുരളീധരനും. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരുന്നതിനെ താൻ എതിർത്തുവെന്ന കാര്യം മുരളീധരൻ ഇന്നലെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും പരസ്പരം വേദിപങ്കിട്ടത്. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു.
പാലക്കാട്ടെ പൊതുചടങ്ങിൽ പങ്കെടുത്ത സന്ദീപ് വാര്യർ കെ മുരളീധരൻ ചേട്ടൻ എന്നാണ് അഭിസംബോധന ചെയ്തത്. ആന,കടൽ,മോഹൻലാൽ,കെ മുരളീധരൻ എത്ര കണ്ടാലും മടുക്കില്ല. ഈ നാല് പേരെയും മലയാളികൾക്ക് എപ്പോഴും മടുക്കില്ല. ഈ നാല് പേരെയും മലയാളികൾ മനസിൽ ഏറ്റവും പ്രധാന്യം കൊടുക്കുന്ന നാല് പേരാണെന്ന് സന്ദീപ് വ്യക്തമാക്കി. കെ മുരളീധരൻ പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന വിവരം അറിഞ്ഞ് താൻ പാർട്ടിയോട് അഭ്യർത്ഥിച്ചതാണെന്നും അങ്ങനെ എത്തിയതാണെന്നും പറഞ്ഞ സന്ദീപ് വാര്യർ, തനിക്ക് കെ മുരളീധരന്റെ അനുഗ്രഹവും പിന്തുണയും ആവശ്യമാമെന്നും വ്യക്തമാക്കി. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് കെ കരുണാകരനെന്നും അത് താൻ ബിജെപിക്കാരനായിരുക്കുമ്പോൾ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും പാർട്ടി കൂടെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു.പാർട്ടിയുടെ അസറ്റായി അദ്ദേഹം നിൽക്കുമെന്നും രാഹുൽ ഗാന്ധിയ്ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചുവെന്നും അതിൽ കവിഞ്ഞ് ഒന്നും തങ്ങൾക്ക് ആവശ്യമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധി, അദ്ദേഹത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചത് മുതൽ,സന്ദീപ് വാര്യറെ ഞങ്ങൾ ചേർത്ത് പിടിച്ചെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ചെറിയ ചില പരിഭവങ്ങൾ ഉണ്ടായിരുന്നുവെന്നും താനത് തുറന്നുപറയുന്ന പ്രകൃതക്കാരനാണെന്നും പാർട്ടി പറയുന്നത് അംഗീകരിക്കുക എന്നതാണ് തന്റെ കടമയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. എന്ത് വന്നാലും താൻ കോൺഗ്രസ് വിടില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്നും സന്ദീപ് വാര്യർ കൂടെ വന്നപ്പോൾ കുടുംബത്തിന്റെ കരുത്ത് കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post