കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്തു. രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. ഇയാളെ കൊല്ലം ജയിലിലേക്ക് മാറ്റി.
വിജയലക്ഷ്മിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ വൈകീട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഇയാളെ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൊലപാതകം അമ്പലപ്പുഴയിൽ നടന്നതിനാൽ പ്രതിയെ തുടർ നടപടികൾക്കായി പോലീസ് അമ്പലപ്പുഴ പോലീസിന് കൈമാറും. കരുനാഗപ്പള്ളി പോലീസ് കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ എത്തിയായിരുന്നു ജയചന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്.
വിജയലക്ഷ്മിയും ജയചന്ദ്രനുമായി അടുപ്പത്തിൽ ആയിരുന്നു. വിജയലക്ഷ്മിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലി ഉണ്ടായ തർക്കം ആയിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. പ്രതി താമസിക്കുന്ന അമ്പലപ്പുഴയിലെ വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം ആയിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ശേഷം രാത്രി വീട്ടുവളപ്പിൽ തന്നെ ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടു.
കുലശേഖരപുരത്ത് ഒറ്റയ്ക്കായിരുന്നു വിജയലക്ഷ്മിയുടെ താമസം. ദിവസങ്ങളായി വിവരം ഇല്ലാത്തതിനെ തുടർന്ന് വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ യുവതിയുടെ മൊബൈൽ ഫോൺ കെഎസ്ആർടിസി കണ്ടക്ടർ മുഖനേ പോലീസിന് ലഭിച്ചു. ഇതിൽ നിന്നാണ് ജയചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
Discussion about this post